ജമ്മുവിൽ ഒരുവർഷത്തിലേറെയായി താമസിക്കുന്നവർക്ക് വോട്ടവകാശം

ജമ്മു: ജമ്മുവിൽ ഒരുവർഷത്തിലേറെയായി താമസിക്കുന്നവർക്ക് റസിഡൻസ് സർട്ടിഫിക്കറ്റ് നൽകാൻ ഡെപ്യൂട്ടി കമീഷണറുടെ ഉത്തരവ്. അർഹതപ്പെട്ട ഒരാളും വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാൻ ബാക്കിയില്ലെന്ന് ഉറപ്പ് വരുത്താനാണ് പുതിയ ഉത്തരവെന്നാണ് വിശദീകരണം. ചൊവ്വാഴ്ച രാവിലെയാണ് ഇത് സംബന്ധിച്ച ഉത്തരവ്  തഹസിൽദാർമാർക്ക് ജില്ല ഭരണകൂടം നൽകിയത്. ഇതോടെ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർ വോട്ടർപട്ടികയിൽ ഇടം പിടിക്കും.

ഉത്തരവനുസരിച്ച് ആധാർ കാർഡ്, വെള്ളം, വൈദ്യുതി, ഗ്യാസ് കണക്ഷൻ രേഖകൾ, ബാങ്ക് പാസ്‌ബുക്കുകൾ, പാസ്‌പോർട്ട്, ഭൂമി രേഖകൾ രജിസ്റ്റർ ചെയ്ത രേഖകൾ തുടങ്ങിയവ റസിഡൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി സമർപ്പിക്കാം. വോട്ടർപട്ടികയിൽ പേരു ചേർക്കാൻ മറ്റ് രേഖകളെ കൂടാതെ റസിഡൻസ് സർട്ടിഫിക്കറ്റും സ്വീകരിക്കാമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ചിരുന്നു. 2019ൽ പ്രത്യേക പദവി പിൻവലിച്ച ശേഷം ആദ്യമായാണ് ജമ്മു കശ്മീരിൽ വോട്ടർ പട്ടിക പരിഷ്കരണം നടക്കുന്നത്. പ്രത്യേക പദവി ഇല്ലാതായതിനാൽ 1950, 51ലെ ജനപ്രാതിനിധ്യ നിയമം ജമ്മു കശ്മീരിനും ബാധകമാകും.

നേരത്തെ, ജമ്മു കശ്മീരിന് പുറത്തുള്ളവർ ഉൾപ്പെടെ 25 ലക്ഷത്തോളം പുതിയ വോട്ടർമാർ ഉണ്ടാകുമെന്ന് കശ്മീർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചിരുന്നു. ജമ്മു കശ്മീരിൽ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും വോട്ടർ പട്ടികയിൽ പേരു ചേർക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മറ്റൊരിടത്തും വോട്ടർപട്ടികയിൽ പേരുണ്ടാകരുതെന്ന് മാത്രമാണ് നിബന്ധന.

ഇതിനുപിന്നാലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. നിലവിൽ ജമ്മു-കശ്മീരിൽ 76 ലക്ഷം വോട്ടർമാരാണുള്ളത്. 20 മുതൽ 25 ലക്ഷംവരെ വരുന്ന പുതിയ വോട്ടർമാർ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും. നാലുവർഷത്തിലേറെയായി ജമ്മു-കശ്മീരിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഇല്ല. അടുത്ത വർഷം തെരഞ്ഞെടുപ്പുണ്ടാകുമെന്നാണ് കരുതുന്നത്.

Tags:    
News Summary - People residing in Jammu for over a year can register as voters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.