ന്യൂഡല്‍ഹി: ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെ 8.33 ശതമാനം സ്ഥാപനവും 1.16 ശതമാനം കേന്ദ്ര സർക്കാറും അംശാദായം അടക്കുന്ന തരത്തിൽ 1995ലാണ് പരമാവധി അടിസ്ഥാന ശമ്പളം 5000 രൂപയായി നിശ്ചയിച്ച് ജീവനക്കാരുടെ പെൻഷൻ പദ്ധതി(ഇ.പി.എസ്) ആരംഭിക്കുന്നത്.
തൊട്ടടുത്ത വർഷം പരിധി 6500 രൂപയാക്കുകയും അതിൽ കൂടുതലുള്ള ശമ്പളത്തിന്റെ 8.33 ശതമാനം നൽകാമെന്ന് തീരുമാനിക്കുകയും ചെയ്തു. ഈ പദ്ധതിയാണ് 2014ൽ ഭേദഗതി ചെയ്തത്.
പെൻഷൻ ഫണ്ടിലേക്ക് അടക്കുന്ന 8.33 ശതമാനം കണക്കാക്കാനുള്ള പരമാവധി അടിസഥാന ശമ്പള പരിധി 15,000 രൂപയായിരിക്കുമെന്നും അതിൽ കൂടുതൽ പി.എഫിലേക്ക് അടക്കുന്നവർ ആ അടക്കുന്നതിന്റെ 1.16 ശതമാനം കൂടി നൽകണമെന്നും വ്യവസ്ഥ വെച്ചു.
എത്ര ഉയർന്ന ശമ്പളമാണെങ്കിലും 15,000 രൂപ ശമ്പളത്തിന്റെ അടിസ്ഥാനത്തിലെ പെൻഷൻ ഫണ്ടിലേക്ക് വിഹിതം സ്വീകരിക്കുന്നത് കാരണം നാമമാത്ര പെൻഷനാണ് ഇപ്പോൾ പദ്ധതിയിൽ അംഗങ്ങളായ രാജ്യത്തെ ലക്ഷക്കണക്കിനാളുകൾക്ക് ലഭിക്കുന്നത്. ഇത് അവകാശ നിഷേധമാണെന്ന് കാണിച്ചാണ് അവർ കോടതിയെ സമീപിച്ചത്.
2014ൽ കൊണ്ടുവന്ന വിവാദ നിയമഭേദഗതികൾ റദ്ദാക്കിയ കേരള, രാജസ്ഥാൻ, ഡൽഹി ഹൈകോടതി വിധികൾക്കെതിരെ സമർപ്പിച്ച അപ്പീലുകളിലാണ് പുതിയ സുപ്രീംകോടതി വിധി. രാജ്യത്ത് നിലവിലുള്ള 73 ലക്ഷം പ്രോവിഡന്റ് ഫണ്ട് പെൻഷൻ ഗുണഭോക്താക്കളെയും ഇനി പദ്ധതിയിൽ ചേരാനിരിക്കുന്ന തൊഴിലാളികളെയും നേരിട്ട് ബാധിക്കുന്നതാണ് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിധി.
ശമ്പളത്തിന് ആനുപാതികമായി പെൻഷൻ കണക്കാക്കാതിരിക്കാൻ ന്യായമില്ലെന്ന് പറഞ്ഞ് സുപ്രീംകോടതി ഒരിക്കൽ തള്ളിക്കളഞ്ഞ കേന്ദ്ര സർക്കാറിന്റെയും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെയും അപ്പീലുകൾ അസാധാരണ നടപടിയിലൂടെ തുറന്ന കോടതിയിൽ വീണ്ടും കേട്ടാണ് ചീഫ് ജസ്റ്റിസ് ലളിത് പടിയിറങ്ങുന്നതിന് മുമ്പുള്ള വിധി.
ഹൈകോടതി വിധികൾ നടപ്പാക്കിയാൽ അത് തങ്ങൾക്ക് താങ്ങാവുന്നതിലപ്പുറമുള്ള സാമ്പത്തിക ബാധ്യത വരുത്തുമെന്നായിരുന്നു കേന്ദ്ര സർക്കാർ വാദം. എന്നാൽ 8,252 കോടിയിൽ അന്ന് തുടങ്ങിയ പദ്ധതിയിലെ തുക 2017-18ൽ 3,93,604 കോടി രൂപയിൽ എത്തിയത് ചൂണ്ടിക്കാട്ടി പെൻഷൻ നൽകാൻ കേന്ദ്ര സർക്കാറിന്റെ പക്കൽ പണമില്ലെന്ന വാദത്തെ ജീവനക്കാർ ഖണ്ഡിച്ചു.
2018-19 വർഷം 18,843.75 കോടി രൂപ ജീവനക്കാർക്ക് നൽകിയ പി.എഫിൽ ആ വർഷം പലിശയിനത്തിൽ മാത്രം കിട്ടിയത് 21,662.14 കോടി രൂപയാണ് എന്നും ജീവനക്കാർ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.