ഡൽഹി പ്രതിഷേധത്തിനിടെ പെല്ലറ്റ് കൊണ്ടുള്ളതെന്ന് കരുതപ്പെടുന്ന ആക്രമണത്തിൽ പരിക്കേറ്റ ശൈഖ് ഇർഷാദ് മൻസൂരി. ജൂലൈ 20ന് കൊണാട്ട് പ്ലേസിലെ പ്രതിഷേധത്തിനിടെയാണ് ഇർഷാദിന് പരിക്കേറ്റത്. റാപിഡ് ആക്ഷൻ ഫോഴ്സാണ് ആയുധമുപയോഗിച്ച് തന്നെ ആക്രമിച്ചതെന്ന് ഇർഷാദ് പറഞ്ഞു. മുഖത്തും കഴുത്തിനും ചുമലിനുമേറ്റ ഇർഷാദിന്റെ മുറിവുകളിൽ ചിലത് ആഴത്തിലുള്ളതാണ്.

വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ക്രൂരതയും; കശ്മീരിൽ പ്രയോഗിച്ച പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചു; നിരവധി പേർക്ക് സാരമായ പരിക്ക്

ന്യൂഡൽഹി: ജമ്മു-കശ്മീരിൽ സായുധ സേന വിഭാഗങ്ങൾ ഉപയോഗിച്ച പെല്ലറ്റ് തോക്ക് ഡൽഹിയിൽ സി.ജെ.പിയുടെ പാർലമെൻറ് മാർച്ചിന് നേരെ പ്രയോഗിച്ചുവെന്ന് ഒടുവിൽ സർക്കാർ സ്ഥിരീകരണം. പെല്ലറ്റ് പ്രയോഗിച്ചുവെന്ന പരാതികൾ ഉയർന്നപ്പോൾ അക്കാര്യം അംഗീകരിക്കാൻ ആദ്യം ഡൽഹി പൊലീസ് തയാറായിരുന്നില്ല.

പെല്ലറ്റ് തോക്കുകളും ഷോക്ക് ബാറ്റണുകളും സമരക്കാർക്ക് നേരെ പ്രയോഗിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഒരു വെടിവെച്ചാൽ നൂറുകണക്കിന് ലെഡ് ചീളുകൾ ഒന്നിച്ചു ചിതറിത്തെറിച്ച് ശരീരത്തിൽ തുളച്ച് കയറുമെന്നതാണ് പെല്ലറ്റ് തോക്കിന്റെ പ്രത്യേകത. കണ്ണിലും ചെവിക്കും തറച്ചാൽ കാഴ്ച, കേൾവി ശേഷികളെ വരെ ബാധിക്കും.

ഡൽഹിയിലെ വിവിധ ആശുപത്രികളിൽ നിന്ന് വിദ്യാർഥികൾ പോലീസിന്റെ പെല്ലറ്റ് ആക്രമണത്തിനിരയായെന്ന മെഡിക്കൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. താൻ ആശുപത്രിയിൽ സന്ദർശിച്ച പരിക്കേറ്റ സമരക്കാരിൽ പെല്ലറ്റുകൾ നീക്കം ചെയ്തയാളും ഉണ്ടായിരുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.

വിദ്യാർഥികൾക്ക് നേരെ കാലാവധി കഴിഞ്ഞ കണ്ണീർവാതക ഷെല്ലുകളും ആണിതറച്ച വടികളും ഉപയോഗിച്ചു. കഴിഞ്ഞ ഡിസംബർ കാലാവധി കഴിഞ്ഞ ഷെല്ലുകളുടെ ഭാഗങ്ങൾ സി.ജെ.പി പുറത്തുവിട്ടു. ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ഇത്തരം ഷെല്ലുകൾ മനപൂർവമാണ് ഉപയോഗിച്ചതെന്ന് ഇവർ ചൂണ്ടിക്കാട്ടി.

യൂണിഫോമോ നെയിം പ്ലേറ്റോ ഇല്ലാതെ എത്തിയ ബി.ജെ.പി ഗുണ്ടകൾ പെൺകുട്ടികൾ ഉൾപ്പെടെയുള്ള പ്രക്ഷോഭക്കാരെ തല്ലിച്ചതക്കുകയും ​ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തു. ഇവരിൽ ഭൂരിഭാഗവും സേനാംഗങ്ങളല്ലെന്നും സംഘ്പരിവാറുകാരാണെന്നും കോക്രോച്ച് നേതാവ് അഭിജീത് ദീപ്കെ അടക്കം ചൂണ്ടിക്കാട്ടി. ലൈംഗികച്ചുവയോടെ പെൺകുട്ടികളുടെ സ്വകാര്യഭാഗത്തടക്കം സ്പർശിക്കുന്നതിന്റെയും അപമാനിക്കുന്നതിന്റെയും വിഡിയോ ദൃശ്യങ്ങളും സിജെപി പങ്കുവെച്ചിട്ടുണ്ട്. പ്രതിഷേധ സ്ഥലത്തുനിന്നു പുറത്തേക്കു പോകുന്ന യുവതിയുടെ പിൻഭാഗത്ത് ലാത്തികൊണ്ട് കുത്തുന്ന പൊലീസുകാരന്റെ ദൃശ്യങ്ങളും ഒട്ടേറെപ്പേർ പങ്കുവച്ചു. സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളിൽ ലാത്തി പ്രയോഗിക്കാൻ ഇയാൾക്ക് എങ്ങനെ ധൈര്യം‌വന്നുവെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് ചോദിച്ചു.

ആണി തറച്ച വടി ഉപയോഗിച്ചുവെന്ന ആരോപണം ഡൽഹി പൊലീസും പ്രസ് ഇൻഫർമേഷൻ ബ്യൂറോയും നിഷേധിച്ചതോടെ വിശാൽ തോമർ എന്ന പൊലീസുകാരന്റെ കയ്യിലെ ആണിയുള്ള ലാത്തി പിടിച്ച് ചോദ്യം ചെയ്യുന്നവരുടെ ദൃശ്യങ്ങൾ സിജെപി പുറത്തുവിട്ടു. കൂടാതെ മുമ്പ് ബിഹാറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്ന അക്രമസമരത്തിന്റെ വിഡി​യോകൾ ഉപയോഗിച്ച്, ഡൽഹി സമരത്തിൽ അക്രമം നടക്കുന്നുവെന്ന് പ്രചരിപ്പിക്കാനും ബി.ജെ.പിയും പൊലീസും ശ്രമിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇത്തരം വിഡിയോകൾ വ്യാപകമായി ഇവർ പങ്കുവെക്കുന്നുണ്ട്.

പ്രക്ഷോഭത്തിനിടെ പൊലീസുകാർ തന്നെ അവരുടെ വാഹനങ്ങളുടെ ചില്ല് തകർക്കുന്ന ദൃശ്യങ്ങൾ സിജെപി പുറത്തുവിട്ടു. ഇതിന്റെ ഉത്തരവാദിത്തം സമരക്കാർക്ക് മേൽ കെട്ടിവയ്ക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും സിജെപി പറയുന്നു.

Tags:    
News Summary - Pellet guns used against students, many seriously injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.