ന്യൂഡൽഹി: മോദിസർക്കാർ പ്രഖ്യാപിച്ച ഉത്തേജക പാക്കേജ് 20 ലക്ഷം കോടിയല്ല 1.86 ലക്ഷം കോടി മാത്രമാണെന്ന് മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം. ബജറ്റിനു പുറമെ സർക്കാർ നടത്തുന്ന അധികചെലവാണ് ഉത്തേജക പാക്കേജ്. ബജറ്റിൽ വകയിരുത്തിയ തുകക്കു പുറമെ 1.86 ലക്ഷം കോടി മാത്രമാണ് സർക്കാർ ചെലവാക്കുന്നത്. ഇത് മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ (ജി.ഡി.പി) 10 ശതമാനമല്ല, 0.91 ശതമാനം മാത്രമാണെന്നും ചിദംബരം പറഞ്ഞു.
കോവിഡ് പ്രതിസന്ധി മുൻനിർത്തി സർക്കാർ ചെലവാക്കുന്ന അധിക തുകയുടെ കണക്ക് ചിദംബരം അക്കമിട്ടു നിരത്തി. നികുതിയിളവുമൂലമുള്ള വരുമാന നഷ്ടം 7500 കോടി, പ്രധാനമന്ത്രി ദരിദ്രക്ഷേമ പാക്കേജ് പ്രകാരം പണമായി നൽകുന്നത് 33,000 കോടി, സൗജന്യ റേഷൻ 60,000 കോടി, ചികിത്സാരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾക്ക് 15,000 കോടി, ഇ.പി.എഫ് വിഹിതം അടക്കുന്നത് 2,800 കോടി, ഇ.പി.എഫ് നിരക്ക് കുറക്കൽ വഴി 6750 കോടി, അന്തർസംസ്ഥാന തൊഴിലാളികൾക്ക് രണ്ടുമാസം സൗജന്യ അരിക്ക് 3500 കോടി, മുദ്ര–ശിശു വായ്പ പലിശ സബ്സിഡി 1500 കോടി, അധിക വായ്പ 8,000 കോടി, ഓപറേഷൻ ഗ്രീൻസ് പദ്ധതി 500 കോടി, ഔഷധസസ്യ കൃഷി 4000 കോടി, സ്വകാര്യ സംരംഭകർക്കുള്ള പദ്ധതി ധനസഹായം 8100 കോടി, തൊഴിലുറപ്പു പദ്ധതി അധിക വിഹിതം 40,000 കോടി. ഇതെല്ലാം ചേർത്താൽ 1,86,650 കോടി രൂപ.
ബാക്കിയെല്ലാം ബജറ്റിൽ നീക്കിവെച്ച തുക, നിയന്ത്രണ നടപടികൾ, പണലഭ്യതക്കുള്ള ദീർഘകാല പദ്ധതി, നിർദിഷ്ട പരിഷ്കരണങ്ങൾ എന്നിവയാണ്. ബജറ്റിനു പുറമെ ചെലവിടാതെ ഉത്തേജക പാക്കേജ് ഉണ്ടാവുകയില്ല. അധികചെലവിന് കൂടുതൽ കടമെടുക്കേണ്ടി വരും. അത് എത്രയാണെന്ന് അൽപം കാത്തിരുന്നാൽ കൃത്യമായി അറിയാവുന്നതേയുള്ളൂ. സത്യം ഒത്തിരി കാലം മൂടിവെക്കാൻ പറ്റില്ല.
പാക്കേജ് പ്രധാന ജനവിഭാഗങ്ങളെ പരിഗണിച്ചില്ല. 13 കോടി വരുന്ന ദരിദ്രർ, അന്തർ സംസ്ഥാന തൊഴിലാളികൾ, കർഷകർ, തൊഴിലാളികൾ, ദിവസവേതനക്കാർ, പിരിച്ചുവിടുന്നവർ, അസംഘടിത മേഖലയിലുള്ളവർ എന്നിവർ ഇക്കൂട്ടത്തിൽപെടും. ഈ സാഹചര്യത്തിൽ ഉത്തേജക പാക്കേജ് പുതുക്കി അവതരിപ്പിക്കണമെന്ന് ചിദംബരം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.