ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിനികി ഭൂയാൻ ശർമ്മക്കെതിരെ അപകീർത്തിപരാമർശം നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് പവൻ ഖേരക്ക് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്നും സമൻസ് വരുമ്പോൾ ഹാജരാകാനും തെളിവുകൾ നശിപ്പിക്കാൻശ്രമിക്കരുതെന്നും ഖേരയോട് കോടതി നിർദ്ദേശിച്ചു.
അനുമതിയില്ലാതെ രാജ്യംവിടരുതെന്നും കോടിതി പറഞ്ഞു. ആവശ്യമെങ്കിൽ വിചാരണ കോടതിക്ക് കൂടുതൽ ഉപാധികൾവെക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
മുൻകൂർ ജാമ്യാപേക്ഷ ഗുവാഹാത്തി ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് ഖേര സുപ്രീംകോടതിയിലെത്തിയത്.
ഖേരയ്‌ക്കെതിരായ ആരോപണങ്ങൾ വിചാരണയിൽ തെളിയേണ്ടതാണെന്നും അറസ്റ്റ് ചെയ്ത് പ്രയാസപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി കഴിഞ്ഞ ദിവസം വാദിച്ചിരുന്നു. അതേസമയം, അസം സർക്കാരിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത മുൻകൂർ ജാമ്യത്തെ ശക്തമായി എതിർത്തു.
ഹിമന്തയുടെ ഭാര്യ റിനികി ഭുയാൻ ശർമയ്ക്ക് മൂന്ന് രാജ്യങ്ങളുടെ പാസ്‌പോർട്ടും വിദേശത്ത് ആസ്തിയുമുണ്ടെന്നും അതൊന്നും ഹിമന്തയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു ഖേര ആരോപിച്ചത്. എന്നാൽ പാക് സാമൂഹിക മാധ്യമങ്ങളിൽ വന്നആരോപണങ്ങളാണ് ഖേര ഉയർത്തിയതെന്നായിരുന്നു ശർമ്മയുടെ പ്രതികരണം.
കേസിൽ നേരത്തെ തെലങ്കാന ഹൈക്കോടതി ഖേരക്ക് മുൻകൂർ ജാമ്യം അനുവിദച്ചിരുന്നു. ഇതിനെതിരെ അസം പൊലീസ് സുപ്രീം കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യത്തിന് ഗുവാഹത്തി ഹൈക്കോടതിയെ സമീപിക്കണമെന്ന് നിർദേശിച്ച സുപ്രീം കോടതി തെലങ്കാന ഹൈക്കോടതിയുടെ ജാമ്യം സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഖേര ഗുവാഹത്തി ഹൈക്കോടതിയെ സമീപ്പിച്ചു. എന്നാൽ ഹരജി നിരസിക്കപ്പെട്ടു. തുടർന്നാണ് മുൻകൂർ ജാമ്യത്തിന് സുപ്രീം കോടതിയെ സമീപിച്ചത്.
ഇരുപക്ഷത്തുനിന്നുമുള്ള ശക്തമായ വാദങ്ങളായിരുന്നു കേസിൽ വ്യാഴാഴ്ച കോടതിയിൽ നടന്നത്. ഖേരക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി ഹാജറായി. "അഭൂതപൂർവമായ കേസ്" എന്നാണ് സിങ്വി ഇതിനെ വിശേഷിപ്പിച്ചത്.
മുഖ്യമന്ത്രിയെ "പ്രോസിക്യൂട്ടറുടെ ബോസിന്റെ ബോസ്" എന്ന് വിളിക്കുകയും ചെയ്തു.അപകീർത്തിരപ്പെടുത്തൽ, വഞ്ചന, വ്യാജരേഖ ചമക്കൽ തുടങ്ങിയ വകുപ്പുകളാണ് ഖേരക്കെതിരേ ചുമത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.