ന്യൂഡൽഹി: ബില്ലുകൾ കീറിയെറിഞ്ഞും ടേബിളിന് മുകളിൽ കയറിയുമുള്ള കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ ‘വികസിത് ഭാരത് ജി റാം ജി’ ബിൽ കേന്ദ്ര സർക്കാർ ലോക്സഭയിലും രാജ്യസഭയിലും പാസാക്കി. ലോക്സഭയിൽ പ്രതിപക്ഷ രോഷം മുൻ കൂട്ടി കണ്ട് ഭരണപക്ഷ ബെഞ്ചിന്റെ മുൻനിരയിലെ തന്റെ ഇരിപ്പിടമൊഴിവാക്കി മൂന്ന് നിര പിറകിൽ പോയാണ് ഗ്രാമ വികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ മറുപടി പ്രസംഗം നടത്തിയത്. ഇന്നലെ അർധരാത്രിയോടെ രാജ്യസഭയിലും പാസായതോടെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയോർമ മാത്രമാകും.
മഹാത്മാഗാന്ധിയുടെ പേര് മാത്രമല്ല, പദ്ധതി തന്നെയും ഉടച്ചുവാർത്ത പുതിയ നിയമ നിർമാണത്തോടെ തൊഴിലുറപ്പ് അവകാശമല്ലാതായി മാറുമെന്നതാണ് അടിസ്ഥാനപരമായ മാറ്റം. ഗ്രാമീണ മേഖലയിലെ ഏതു വ്യക്തിക്കും തൊഴിലെടുക്കാൻ സാർവത്രികമായ അവകാശം നൽകുന്നതായിരുന്നു നിലവിലുള്ള മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പ്രകാരം ഗ്രാമീണമേഖലയിൽ തൊഴിലെടുക്കാൻ തയാറാകുന്നവർക്ക് 15 ദിവസത്തിനകം തൊഴിൽ നൽകിയില്ലെങ്കിൽ തൊഴിലില്ലായ്മ വേതനം നൽകണം.
വിബി- ജി റാം ജി കേന്ദ്രത്തിന് നൽകിയ അമിതാധികാരത്തിലൂടെ ഓരോ സംസ്ഥാനത്തും കേന്ദ്ര സർക്കാർ വിജഞാപനം ചെയ്യുന്ന പ്രദേശങ്ങളിലായിരിക്കും പുതിയ തൊഴിൽ പദ്ധതി നടപ്പാക്കുക. മാത്രമല്ല, കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ പ്രകാരമുള്ള പ്രവൃത്തികൾക്ക് മാത്രമേ പുതിയ പദ്ധതി പ്രകാരം ഫണ്ട് അനുവദിക്കുകയുള്ളൂ. പുതിയ ബില്ലിൽ 100 നാളത്തെ തൊഴിൽ ദിനങ്ങൾ 125 ആക്കി വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ, സാമ്പത്തിക ചെലവിന്റെ 40 ശതമാനം വഹിക്കാനാകാത്ത സംസ്ഥാനങ്ങൾക്ക് വിബി- ജി റാം ജി പദ്ധതി പ്രകാരം തൊഴിൽ നൽകാനാവില്ല. ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്താതെ കൊണ്ടു വന്ന ബിൽ പദ്ധതിതന്നെ ഇല്ലാതാക്കാനാണെന്ന വിമർശനത്തെ ബലപ്പെടുത്തുന്നതാണ് സംസ്ഥാനങ്ങളുടെ അധിക സാമ്പത്തിക ബാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.