ന്യൂഡൽഹി: ചോദ്യചോർച്ചയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമം, രാമക്ഷേത്ര സംഭാവന കൊള്ള വിഷയങ്ങളിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ വർഷകാല പാർലമെന്റ് സമ്മേളനത്തിൽ പാസാക്കിയെടുത്തത് 12 ബില്ലുകൾ. അധിക ബില്ലുകളും ചർച്ചയില്ലാതെ പാസാക്കാൻ എടുത്തത് മിനിറ്റുകൾ മാത്രം.
ലോക്സഭയിൽ ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ, എം.എസ്.എം.ഇ ഭേദഗതി ബിൽ, ഭാവിയിൽ യു.പി.ഐ ഇടപാടിന് ഫീസ് ചുമത്താൻ വഴിയൊരുക്കുന്ന ടാക്സേഷൻ ആൻഡ് അദർ ലോസ് (ഭേദഗതി) ബിൽ എന്നിവ പാസാക്കാൻ മൂന്ന് മിനിറ്റ് വീതവും, സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം ഉയർത്തുന്നതുമായി ബന്ധപ്പെട്ട ഭേദഗതി ബില്ലിന് നാല് മിനിറ്റുമാണ് എടുത്തത്.
കേരളം (പേരുമാറ്റൽ) ബില്ല് നാല് മിനിറ്റിനുള്ളിൽ പാസാക്കിയപ്പോൾ, സംസ്ഥാനങ്ങളുടെ അധികാരം കവരുന്ന മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻ) ഭേദഗതി ബില്ല് അഞ്ച് മിനിറ്റിനുള്ളിൽ പാസാക്കി. നാഷനൽ കോഓപറേറ്റിവ് ഡെവലപ്മെന്റ് കോർപറേഷൻ (ഭേദഗതി) ബില്ലിന് ഏകദേശം 10 മിനിറ്റും, ട്രൈബ്യൂണൽ റിഫോംസ് ബില്ലിന് 12 മിനിറ്റും എടുത്തു.
ദേശീയഗാനത്തിന് തുല്യമായ പദവി ദേശീയഗീതമായ വന്ദേമാതരത്തിനും നൽകുന്ന ‘ദേശീയ ബഹുമതി അനാദരവ് ഭേദഗതി ബിൽ’ 14 മിനിറ്റുകൊണ്ടും പാർലമെന്റ് കടന്നു.
ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന പൊതുപരീക്ഷ ഭേദഗതി ബില്ലിൽ മാത്രമാണ് ഇരുസഭകളിലും ചർച്ച നടന്നത്. ചർച്ചക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കടന്നാക്രമിച്ച് സംസാരിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പ്രസംഗം തുടരാൻ അവസരം ലഭിച്ചില്ല.
ഇതോടെ ബിൽ പാസാക്കുമ്പോൾ ലോക്സഭയിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയാണുണ്ടായത്. ലോക്സഭയിൽ ചോദ്യോത്തര വേള ഒരു ദിവസം പോലും പൂർത്തിയാക്കാനായില്ല.
സഭയുടെ പ്രകടനവും ഉൽപാദനക്ഷമതയും എടുത്തുപറഞ്ഞുകൊണ്ടുള്ള പതിവ് വിടവാങ്ങൽ പ്രസംഗം സ്പീക്കർ ഇത്തവണ നടത്തിയില്ല. അവസാന ദിവസമായ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സഭയിലുണ്ടായിരുന്നു. രാവിലെ 11 മണിക്ക് സഭ ആരംഭിച്ച ഉടൻ സ്പീക്കർ, ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിച്ചുവിട്ടു.
ജൂലൈ 20ന് ആരംഭിച്ച് ആഗസ്റ്റ് 13ന് അവസാനിച്ച വർഷകാല സമ്മേളനത്തിൽ ലോക്സഭയുടെ ഉൽപാദനക്ഷമത 19 ശതമാനവും രാജ്യസഭയുടേത് 39 ശതമാനവുമായി കുറഞ്ഞെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.
സർക്കാർ ചർച്ചകൾക്ക് തയാറായിരുന്നിട്ടും പ്രതിപക്ഷം പലതവണ ചർച്ചകളിൽനിന്ന് ഒളിച്ചോടിയെന്നും സഭാ നടപടികൾ ഇത്തരത്തിൽ തടസ്സപ്പെടുത്തിയതിന്റെ പൂർണ ഉത്തരവാദിത്തം കോൺഗ്രസിനാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.