ന്യൂഡൽഹി: ഫുക്കറ്റ്-ന്യൂഡൽഹി എയർ ഇന്ത്യ വിമാന പൈലറ്റ് ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയതിനു പിന്നാലെ പൈലറ്റുമാർക്ക് പരിശോധനയുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ആഗസ്റ്റ് നാലിന് നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധനക്ക് വിമാനക്കമ്പനി നിർദേശം നൽകിയത്. വ്യാഴാഴ്ച മുതൽ തന്നെ പരിശോധന പ്രാബല്യത്തിൽ വന്നു. തായ്ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം യാത്രാമധ്യേ 300 മീറ്റർ താഴ്ചയിലേക്ക് പതിക്കാനിടയായതിൽ നടന്ന അന്വേഷണത്തിൽ, പൈലറ്റ് ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ആദ്യ ഡോപ് ടെസ്റ്റിലും രണ്ടാം പരിശോധനയിലും പോസിറ്റിവായി. ഇതോടെയാണ് ടാറ്റ ഗ്രൂപ്പിന് കീഴിലെ രണ്ട് എയർലൈൻ കമ്പനികളും പൈലറ്റുമാരുടെ പരിശോധന നിർബന്ധമാക്കാൻ തീരുമാനിച്ചത്. 5000ത്തോളം പൈലറ്റുമാരാണ് ഇരു കമ്പനികൾക്കുമായുള്ളത്. പൈലറ്റുമാർ ലഹരി വസ്തുക്കളോ, നിരോധിത മരുന്നുകളോ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുന്ന പരിശോധനക്ക് വിധേയകരാകണമെന്ന് എയർ ഇന്ത്യ മാനേജ്മെന്റ് അറിയിച്ചു.
എയർ ഇന്ത്യ ഓഫിസ്, ഗുരുഗ്രാം അക്കാദമിയിലെ പരിശീലന സെഷൻ, ഫ്ലൈറ്റ് ബ്രീഫിങ് സെന്ററുകൾ, പൈലറ്റ് ബേസുകൾ തുടങ്ങിയ കേന്ദ്രങ്ങളിലാവും പരിശോധന. യൂറോപ്പിലെയും അമേരിക്കയിലെയും എയർലൈൻ കമ്പനികളുടെ മാതൃകയിൽ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെയും കൂടുതൽ പ്രഫഷനലിസം നടപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു. ആഗസ്റ്റ് നാലിനുണ്ടായ അപകടത്തിൽ നാല് ജീവനക്കാർ ഉൾപ്പെടെ 24 പേർക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.