വ്യാഴാഴ്ച  പ്രസിദ്ധീകരിച്ച ലേഖനത്തിൽ പ്രതിപക്ഷത്തിനെതിരെ തരൂർ രൂക്ഷവിമർശനമുയർത്തുന്നു |Credit:Indian Express|

‘ഉത്തരവാദിത്തം മറന്ന് പാർല​മെന്റ് അലങ്കോലമാക്കുന്നു, അവസരങ്ങൾ നഷ്ടപ്പെടുത്തുന്നു’; പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി തരൂർ

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് രൂക്ഷ വിമർശനവുമായി വീണ്ടും തരൂർ. പാർല​മെന്റ് നടപടികൾ തുടർച്ചയായി തടസ്സപ്പെടുത്തുന്നതിലൂടെ പ്രതിപക്ഷം ഉത്തരവാദിത്വം മറക്കുന്നുവെന്ന് തരൂർ ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിൽ ആരോപിച്ചു.

എസ്.ഐ.ആറിൽ ചർച്ചയില്ലാതെ സഭാനടപടികൾ അനുവദിക്കില്ലെന്ന പ്രതിപക്ഷ നിലപാടും, ചർച്ച അനുവദിക്കില്ലെന്ന കേന്ദ്രസർക്കാറിന്റെ പിടിവാശിയും ലോക്സഭയുടെ രണ്ട് ദിവസങ്ങളാണ് നഷ്ടപ്പെടുത്തിയതെന്ന് ശശി തരൂർ ലേഖനത്തിൽ പറയുന്നു. സഭാ നടപടികൾ തടസപ്പെടുത്തുന്ന സമ്മർദ്ദതന്ത്രം സ്ഥാപനവൽക്കരിക്കപ്പെട്ട സാഹചര്യമാണ്. ഓരോരുത്തരും തങ്ങളുടെ നീക്കം ന്യായീകരിക്കാൻ മുമ്പുണ്ടായിരുന്നവരെ ചൂണ്ടുന്ന സാഹചര്യം. ഒരുപതിറ്റാണ്ട് നീണ്ട യു.പി.എ ഭരണത്തിൽ ബി.ജെ.പി വിട്ടുവീഴ്ചയില്ലാതെ സഭാനടപടികൾ തടസ്സപ്പെടുത്തി. 15-ാം ലോക്സഭയുടെ 68 ശതമാനം സമയവും ഇത്തരത്തിൽ പ്രതിഷേധത്തിൽ നഷ്ടമായി. ഇപ്പോൾ ഇൻഡ്യ സഖ്യവും സമാനമായി പെരുമാറുന്നുവെന്നും തരൂർ പറയുന്നു.

‘മറ്റുള്ളവർ നിങ്ങളോട് എങ്ങിനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കു​ന്നുവോ, അങ്ങിനെ അവരോട് ​പെരുമാറുക’ എന്ന് മിഷണറി സ്കൂളുകളിൽ പഠിപ്പിക്കുന്ന തത്വം ‘അവർ നിങ്ങളോട് എന്തുചെയ്യുന്നുവോ അത് തിരിച്ചും ചെയ്യുക’ എന്ന രീതിയിൽ ഇന്ത്യൻ രാഷ്ട്രീയം മാറ്റിയിരിക്കുകയാണ്. മുൻപ് പാർലമെന്റ് തടസപ്പെടുത്തിയവർ ഇന്ന് അതിന്റെ കാവൽക്കാരായി നിൽക്കുന്നു. ഇന്ന് അത് തടസപ്പെടുത്തുന്നവർ നാളെ അധികാരത്തിലെത്തുമ്പോൾ സഭാനടപടികൾ തടസപ്പെടാതിരിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവയും വീണ്ടും തിരിച്ചറിഞ്ഞേക്കാം. ഇവിടെ പ്രശ്നം ഒരു സ്തംഭനത്തിൽ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുന്ന പാർലമെന്റാണ്, തുടർച്ചയായി മനഃപ്പൂർവം അതിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുന്നതാണ്.-തരൂർ പറയുന്നു.

ചർച്ചയില്ലാതെ ഭരണഘടന അട്ടിമറിക്കാൻ ശ്രമിക്കുന്ന ബി.ജെ.പി സർക്കാർ പ്രതിപക്ഷവുമായി ചർച്ചക്ക് വിസമ്മതിക്കുന്നു. മുൻകൂട്ടി തയ്യാറാക്കിയ തീരുമാനങ്ങളിൽ റബ്ബർ സ്റ്റാംപായും പ്രഖ്യാപനങ്ങൾക്കുള്ള നോട്ടീസ് ബോർഡായും പാർലമെന്റിനെ മാറ്റുകയാണ് കേന്ദ്രസർക്കാർ. എല്ലാ ദിവസവും പാർല​മെൻറ് യോഗത്തിനെത്തിയിരുന്ന നെഹ്രുവിൽ നിന്ന് വിപരീതമായി വല്ലപ്പോഴും സഭയിൽ പ്രത്യക്ഷപ്പെട്ട് മാറി നിൽക്കുകയാണ് മോദി. സർക്കാർ രൂപീകരിക്കാനും നിയമങ്ങൾ പാസാക്കാനുമായി പാർല​മെൻറിനെ കാണുന്ന ഭരണകക്ഷി, ചോദ്യങ്ങൾക്ക് മറുപടി നൽകാനും വിമർശനങ്ങൾക്ക് ചെവികൊടുക്കാനും തയ്യാറാവുന്നില്ല.

അതേസമയം, പ്രതിപക്ഷവും തങ്ങളുടെ പാർലമെന്ററി ഉത്തരവാദിത്വം മറക്കുന്നു. പാർല​മെന്റിലെ ചർച്ചകളിലൂടെ ഗവൺമെന്റിനെ പ്രതിരോധിക്കുന്നതിന് പകരം നടപടികൾ തടസപ്പെടുത്തുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. മന്ത്രിമാരെ ഉത്തരവാദികളാക്കാനുള്ള ചോദ്യോത്തരവേളയും അടിയന്തിര വിഷയങ്ങൾ ചർച്ച ​​ചെയ്യുന്നതിനും ബില്ലുകളിൽ അഭിപ്രായം പറയുന്നതിനുമുള്ള ശൂന്യവേളയും റൂൾ 377ഉം അടക്കം പാർല​മെൻറിലെ അവസരങ്ങൾ പ്രതിപക്ഷം നഷ്ടപ്പെടുത്തുന്നുവെന്നും തരൂർ പറയുന്നു.

പരസ്പരമുള്ള ഈ മാത്സര്യബോധം രാജ്യത്തെ നിർണായക സംവാദവേദിയായ പാർ​ലമെന്റിനെ ഒരു പ്രഹസനമാക്കി മാറ്റുന്നുവെന്നും തരൂർ വ്യക്തമാക്കി. പാർല​മെന്റ് സിറ്റിങ്ങുകളുടെ ദൈർഘ്യം ഓരോ തവണയും കുറഞ്ഞുവരിയാണ്. ​പ്രതിപക്ഷത്തെ ‘ദേശവിരുദ്ധർ’ എന്ന് ഭരണപക്ഷം ചാപ്പകുത്തുമ്പോൾ കൗരവർക്കെതിരെ പോരാടുന്ന പാണ്ഡവരുടെ മനോഭാവമാണ് പ്രതിപക്ഷത്തിന്. പരസ്പര പൂരകങ്ങളെന്നതിനപ്പുറം ശത്രുക്കളായാണ് ഇരുവിഭാഗവും കരുതുന്നതുകൊണ്ട് തന്നെ ചർച്ചകൾക്ക് ഇടമില്ലാതായെന്നും തരൂർ പറയുന്നു.

നിലവിൽ താൻ പറയുന്നത് സർക്കാരി​നെ പ്രീണിപ്പിക്കാനാണെന്ന് പറയുന്നവരുണ്ടാകാം. പാർല​മെന്റ് നടപടികൾ തടസപ്പെടുന്നതിനെതിരെ എല്ലാക്കാലവും ശബ്ദമുയർത്തിയിട്ടുള്ള ആളാണ് താ​ൻ. സർക്കാറിന്റെ ഭാഗമായിരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോളും അത് ആവർത്തിച്ചിട്ടുണ്ടെന്നും തരൂർ പറഞ്ഞു.

പൗരൻമാരുടെ അഭിലാഷങ്ങൾ പ്രതിഫലിപ്പിക്കുന്ന, ആശങ്കകളുമായി പൊരുത്തപ്പെടുന്ന, വിവേകത്തോടെയും കരുതലോടെയും നിയമനിർമ്മാണം നടത്തുന്ന ഒരു പാർലമെന്റ് ആവശ്യമാണെന്ന് പറഞ്ഞാണ് തരൂർ ലേഖനം അവസാനിപ്പിക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യത്തിന് അഹങ്കാരത്തിന്റെ യുദ്ധക്കളമല്ല, മറിച്ച് ആശയങ്ങളുടെ ഒരു വർക്ക്ഷോപ്പായ നിയമസഭയാണ് ആവശ്യമെന്നും തരൂർ പറയുന്നു.   

Tags:    
News Summary - Parliament is trapped in a cycle of disruption- Throor agaist opposition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.