ഇസ്ലാമാബാദ്: അതിർത്തികൾക്കപ്പുറത്തെ സംഘർഷമുനമ്പുകളെ കുറിച്ച് ഒന്നുമറിയാതെ മരണത്തോടു മല്ലിട്ട പാകിസ്താനിലെ കുരുന്നു ബാലന് ഇന്ത്യയുടെ സഹായഹസ്തം. സ്വന്തം രാജ്യത്ത് വിദഗ്ധ ചികിത്സ ലഭ്യമല്ലാത്തതിനെ തുടർന്ന് രണ്ടര വയസ്സുള്ള മകന് ചികിത്സക്കായി അനുമതി തേടിയ പാക് യുവാവിനും കുടുംബത്തിനുമാണ് ഇന്ത്യ മെഡിക്കൽ വിസ അനുവദിച്ചത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജിെൻറ ഇടപെടലാണ് നടപടികൾ വേഗത്തിലാക്കിയത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ജീവൻ അപകടത്തിലായ സാഹചര്യത്തിലാണ് കുഞ്ഞിെൻറ പിതാവ് കെൻ സഇൗദ്, സുഷമ സ്വരാജിന് ഇക്കാര്യങ്ങൾ വിശദീകരിച്ച് ട്വീറ്റ് ചെയ്തത്.
സാധാരണക്കാർക്ക് നയതന്ത്രസഹായം ലഭ്യമാക്കുന്നതിനായി സുഷമ സൃഷ്ടിച്ച ട്വിറ്റർ പ്ലാറ്റ്ഫോമിലൂടെയായിരുന്നു സഹായാഭ്യർഥന. മൂന്നുമാസത്തേക്ക് വിസ അനുവദിക്കണമെന്നായിരുന്നു അഭ്യർഥന. ‘‘ഇത് എെൻറ മകനാണ്. ഇന്ത്യക്കും പാകിസ്താനും ഇടയിൽ ഇപ്പോൾ സംഭവിക്കുന്നതിനെ കുറിച്ചൊന്നും ഇവനറിയില്ല’’ -ട്വിറ്ററിൽ മകെൻറ ചിത്രത്തിനൊപ്പം സഇൗദ് കുറിച്ചു. പോസ്റ്റിനു താഴെ കുഞ്ഞിന് സഹായം ഉറപ്പാക്കണമെന്ന അഭ്യർഥനയുമായി നിരവധി ഇന്ത്യക്കാരുമെത്തി. അതിനിടെ സുഷമയുെട മറുപടിയുമെത്തി. ‘‘ഇല്ല. ഈ കുഞ്ഞ് സഹിക്കേണ്ടിവരില്ല. പാകിസ്താനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തെ ബന്ധപ്പെടുക. ഞങ്ങൾ മെഡിക്കൽ വിസ നൽകാം’’ എന്നായിരുന്നു ആ സന്ദേശം. നിർദേശപ്രകാരം സഇൗദും കുടുംബവും ഇന്ത്യൻ എംബസിയെ സമീപിച്ചു. നാലുമാസത്തേക്കുള്ള വിസയാണ് വിദേശകാര്യ മന്ത്രാലയം അനുവദിച്ചത്. ‘‘അഭിപ്രായഭിന്നതകൾക്കിടയിലും മനുഷ്യത്വം നിലനിൽക്കുന്ന കാഴ്ച ഏറ്റവും ഹൃദ്യമാണ്. നിങ്ങളുടെ ശ്രമങ്ങൾക്ക് നന്ദി. മനുഷ്യത്വം ഇപ്പോഴും നിലനിൽക്കുന്നു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ’’ -നന്ദിയറിയിച്ച് സഇൗദ് വീണ്ടും ട്വീറ്റ് ചെയ്തു.
പ്രതിമാസം ഡൽഹിയിലെ അപ്പോളോ പോലുള്ള ആശുപത്രികൾ പാകിസ്താനിൽനിന്നുള്ള 500ഒാളം രോഗികളെ സ്വീകരിക്കാറുണ്ടായിരുന്നു. മൂന്നുലക്ഷത്തിനടുത്ത് ചെലവുവരുന്ന വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായാണ് കൂടുതൽ പേരും ഇന്ത്യയിലെത്തിയിരുന്നത്. ചെന്നൈയിലേക്കും പാക് സ്വദേശികൾ ചികിത്സക്കായി പറന്നിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷത്തിെൻറ മുനമ്പിൽ കഴിയുേമ്പാഴും ഇൗ മാനുഷിക സഹായം ഒരു മാറ്റവുമില്ലാതെ തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.