ഡൽഹി സ്ഫോടനം: വിമാനത്താവളങ്ങളിൽ റെഡ് അലർട്ട്, അതീവ ജാഗ്രതയിൽ പാകിസ്താൻ

ന്യൂഡൽഹി: ഡൽഹി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്താൻ സുരക്ഷ അഭൂതപൂർവമായി വർധിപ്പിച്ചെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണത്തിനോ അല്ലെങ്കിൽ അതിർത്തി കടന്നുള്ള സംഘർഷങ്ങൾക്കോ സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് മുന്നറിയിപ്പുകളെ തുടർന്നാണിത്. പാകിസ്താൻ രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചതായാണ് റിപ്പോർട്ട്.

നിലവിലെ സാഹചര്യം അസ്ഥിരമായി തുടരുന്നതിനാൽ കരസേന, നാവികസേന, വ്യോമസേന എന്നിവയുൾപ്പെടെയുള്ള പാകിസ്താൻ സൈന്യത്തെ  അതീവ ജാഗ്രതയിൽ നിർത്തിയിരിക്കുകയാണ്. സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഏത് സാഹചര്യങ്ങളെയും നേരിടാൻ തയാറെടുക്കാനും പാകിസ്ഥാന്‍റെ സെൻട്രൽ കമാൻഡ് എല്ലാ സൈനിക വിഭാഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

നവംബർ 11 മുതൽ നവംബർ 12 വരെ പാകിസ്താൻ നോട്ടീസ് ടു എയർമെൻ (NOTAM) പുറത്തിറക്കിയിട്ടുണ്ട്. അതിർത്തി മേഖലയിൽ കൂടുതൽ വിമാന ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ പ്രോട്ടോക്കോളുകളും പുലർത്താനാണ് നോട്ടീസ് ടു എയർമെൻ പുറപ്പെടുവിച്ചിട്ടുള്ളത്.

വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഏതുസമയവും പ്രവർത്തിക്കാനാവശ്യമായ രീതിയിൽ സജ്ജമാക്കി നിർത്തിയിരിക്കുകയാണ്. മാത്രമല്ല, പാകിസ്താൻ വ്യോമസേനയോട് വിമാന താവളങ്ങളിൽ നിന്ന് ജെറ്റുകൾ ഉടനടി പറന്നുയരാൻ തയാറാക്കി നിർത്താനും ഉത്തരവിട്ടിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് ഏതെങ്കിലും തരത്തിൽ ആക്രമണങ്ങൾ ഉണ്ടാകുമോയെന്നആശങ്കയെ തുടർന്നാണ് ഈ നടപടികൾ.

തങ്ങളുടെ വ്യോമ ആസ്തികൾ സംരക്ഷിക്കുന്നതിനായി പാകിസ്താൻ പ്രത്യേക മുൻകരുതലുകൾ എടുത്തിട്ടുണ്ട്. സൈനിക ജെറ്റുകൾ, സ്ഥാപനങ്ങൾ എന്നിവ ഏത് ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ട്. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ വ്യോമാതിർത്തി സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് പാകിസ്താന്‍റെ എയർ ഡിഫൻസ് ശൃംഖല സജീവമാണ്.

അതേസമയം, ഡൽഹി സ്ഫോടനം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും കാര്യങ്ങൾ സ്ഥിരീകരിക്കുന്നതിന് മുമ്പ് തിടുക്കപ്പെട്ട് ഒന്നും പറയുന്നത് ശരിയല്ലെന്നും ഡൽഹി നോർത്ത് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ രാജ ബന്തിയ പറഞ്ഞു. ‘യുഎപിഎ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്ത് ഫോറൻസിക് സംഘവും എൻ‌എസ്‌ജി സംഘവും ഉണ്ട്. അവർ പ്രദേശം മുഴുവൻ തിരച്ചിൽ നടത്തുകയും തെളിവുകൾ പരിശോധിക്കുകയും ചെയ്യുന്നു. നിലവിൽ അന്വേഷണം നടക്കുകയാണ്. കാര്യങ്ങൾ സ്ഥിരീകരിക്കാതെ തിടുക്കപ്പെട്ട് പറയുന്നത് ശരിയാകില്ല’ -സ്‌ഫോടന സ്ഥലത്തിന് സമീപം ഡിസിപി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘ഫോറൻസിക് സംഘം സ്‌ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങൾ പരിശോധിക്കുകയാണ്. ഈ പ്രക്രിയയ്ക്ക് ഏകദേശം 1-2 ദിവസമെടുക്കും. ഏതുതരം രാസവസ്തുക്കളാണ് ഉപയോഗിച്ചതെന്ന് പരിശോധനയുടെ അടിസ്ഥാനത്തിൽ അവർക്ക് പറയാൻ കഴിയും’ -അദ്ദേഹം പറഞ്ഞു. മെട്രോ റെയിൽ അടക്കുന്നതിനെ കുറിച്ചോ അതിർത്തി അടക്കുന്നതിനെക്കുറിച്ചോ ഡൽഹി പോലീസും സർക്കാരും ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടി​ല്ലെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഫോടനത്തിന് ഉപയോഗിച്ച കാർ പാർക്കിങ് ഏരിയയിലേക്ക് പ്രവേശിക്കുന്നതിന്റെയും പുറത്തേക്ക് പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ഡൽഹി പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവസമയത്ത് പ്രതി തനിച്ചായിരുന്നുവെന്ന് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു. ദര്യഗഞ്ചിലേക്ക് കാർ എത്തിയത് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. വാഹനത്തിന്റെ യാത്ര കണ്ടെത്താൻ സമീപത്തുള്ള ടോൾ പ്ലാസകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഉൾപ്പെടെ 100ലധികം സി.സി.ടി.വി ക്ലിപ്പുകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

സ്ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. ശാന്തത പാലിക്കാനും ഊഹാപോഹങ്ങൾ ഒഴിവാക്കാനും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച എൽ.എൻ.ജെ.പി ആശുപത്രി ഡൽഹി ആഭ്യന്തരമന്ത്രി ആശിഷ് സൂദിനൊപ്പം മുഖ്യമന്ത്രി സന്ദർശിച്ചു. ആക്രമണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടമായ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തി.

തീവ്രവാദ ഗൂഢാലോചനയുമായും വലിയ അളവിലുള്ള സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തതുമായും ബന്ധിപ്പിക്കപ്പെടുന്ന ഡൽഹി സ്ഫോടനം ഇന്ത്യയെ അതീവ ജാഗ്രതയിലാക്കിയിട്ടുണ്ട്, കൂടാതെ അതിർത്തി കടന്നുള്ള ഭീഷണികളെക്കുറിച്ചുള്ള വർദ്ധിച്ച ആശങ്കയെയാണ് പാകിസ്താന്‍റെ ദ്രുതഗതിയിലുള്ള പ്രതികരണം സൂചിപ്പിക്കുന്നത്.

Tags:    
News Summary - Pakistan Issues NOTAM, Red Alert, Places Air And Naval Forces On High Alert After Delhi Blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.