പി.ചിദംബരം

സമരക്കാരിൽ കർഷകരില്ലെങ്കിൽ പിന്നെന്തിനാണ്​ ചർച്ച നടത്തുന്നത്​​​; കേന്ദ്രമന്ത്രിമാർക്കെതിരെ പി.ചിദംബരം

ന്യൂഡൽഹി: കാർഷിക നിയമങ്ങ​ൾക്കെതിരെ സമരം നടത്തുന്ന കർഷകർക്കിടയിൽ 'ദേശവിരുദ്ധ' ഘടകങ്ങൾ നുഴഞ്ഞു കയറിയെന്ന തരത്തിൽ നിരന്തരം പ്രസ്​താവനകൾ നടത്തുന്ന കേന്ദ്ര മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്​ നേതാവ്​ പി. ചിദംബരം.

'കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവരെ ഖലിസ്​താനികൾ, പാകിസ്​താൻ-ചൈന ചാരൻമാർ, മാവോയിസ്റ്റുകൾ എന്നിവയെ കൂടാതെ തുക്​ടെ തുക്​ടെ ഗാങ്​ എന്നുമാണ്​ കേന്ദ്ര മന്ത്രിമാർ വിശേഷിപ്പിക്കുന്നത്​' ചിദംബരം ട്വീറ്റ് ചെയ്​തു​.

'ഇവരെയെല്ലാം ഒഴിവാക്കിയാൽ പിന്നെ സമരം ചെയ്യുന്ന ആയിരക്കണക്കിനാളുകളിൽ കർഷകർ ഇല്ലെന്നല്ലേ. അങ്ങനെ സമരത്തിൽ കർഷകരില്ലെങ്കിൽ പിന്നെന്തിനാണ്​ സർക്കാർ കർഷകരുമായി ചർച്ച നടത്തുന്നത്​?' -ചിദംബരം അടുത്ത ട്വീറ്റിൽ ചോദിച്ചു.

കർഷക പ്രക്ഷോഭം മാവോയിസ്​റ്റുകൾ ഹൈജാക്ക്​ ചെയ്​തതായി കേന്ദ്ര മന്ത്രി പീയുഷ്​ ഗോയൽ അടുത്തിടെ പ്രസ്​താവിച്ചിരുന്നു. കർഷക പ്രക്ഷോഭത്തെ മാവോയിസ്റ്റുകളിൽ നിന്നും നക്​സലുകളിൽ നിന്നും മോചിപ്പിച്ചാൽ നിയമം രാജ്യത്തി​െൻറ താൽപ്പര്യത്തിന് വേണ്ടിയാണെന്ന് പ്രതിഷേധിക്കുന്ന യൂനിയനുകൾ മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കർഷകരുമായി കേന്ദ്രം നടത്തിയ ചർച്ചകളിൽ പുതിയ കാർഷിക നിയമത്തിൽ ഭേദഗതികൾ വരുത്താമെന്ന്​ ഉറപ്പുനൽകിയെങ്കിലും നിയമം പിൻവലിക്കാതെ സമരത്തിൽ നിന്ന്​ ഒരടി പോലും പിന്നോട്ടില്ലെന്ന്​ കർഷകർ അറിയിക്കുകയായിരുന്നു.

ഇതിനിടെ സമരം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ്​ തോമറും സോം പ്രകാശും ആഭ്യന്തര മന്ത്രി അമിത്​ ഷായെ കണ്ട്​ ചർച്ച നടത്തി. കർഷക സമരം ഞായറാഴ്​ച 18ാം ദിവസത്തിലേക്ക്​ കടന്ന വേളയിലാണ്​ മന്ത്രിമാരുമായി അമിത്​ ഷാ സ്വവസതിയിൽ ​ചർച്ച നടത്തിയത്​​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.