ബംഗാളിൽ ക്ഷേമ പദ്ധതികൾ വോട്ടർപട്ടികയുമായി ബന്ധിപ്പിക്കുന്നു; ആശങ്ക രേഖപ്പെടുത്തി ഉവൈസി

ഹൈദരാബാദ്: ക്ഷേമ പദ്ധതികൾ വോട്ടർപട്ടികയുമായി ബന്ധിപ്പിക്കാനുള്ള പശ്ചിമ ബംഗാൾ സർക്കാറിന്‍റെ നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തി എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്‍റെ (എസ്.ഐ.ആർ) ഭാഗമായി വോട്ടർ പട്ടികയിൽനിന്ന് പുറത്താക്കപ്പെട്ട യഥാർഥ വോട്ടർമാർ പൊതുവിതരണ സംവിധാനത്തിന്‍റെയും മറ്റു ക്ഷേമ പദ്ധതികളുടെയും അനുകൂല്യത്തിന് പുറത്താകുമെന്ന് ഉവൈസി പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിരവധിപേർ വോട്ടർ പട്ടികയിൽനിന്ന് പുറത്തായിരുന്നു. ക്ഷേമ പദ്ധതികൾ ഈ വോട്ടർപട്ടികയുമായി ബന്ധിപ്പിക്കുമ്പോൾ ഇവരെല്ലാം അനുകൂല്യത്തിന് പുറത്താകും. വോട്ടർ പട്ടിക നിർണായക രേഖയായി ഉപയോഗിക്കുമ്പോൾ ആധാർ ആധികാരികതക്ക് എന്ത് പ്രസക്തിയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

സർക്കാർ ക്ഷേമ പദ്ധതികൾ എല്ലാ യോഗ്യരായ പൗരന്മാർക്കും വേണ്ടിയുള്ളതാണ്, വോട്ടർമാർക്കുള്ള പ്രതിഫലമായി കണക്കാക്കരുത്. ഗുണഭോക്തൃ എണ്ണം കുറക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നടപടി എന്നും ഇത് ദരിദ്രരായ ആളുകളെ, പ്രത്യേകിച്ച് സ്ത്രീകളെ, പട്ടികജാതി വിഭാഗങ്ങളെ, മുസ്‌ലിംകളെ ദുഷ്കരമായി ബാധിക്കുമെന്നും ഉവൈസി മുന്നറിയിപ്പ് നൽകി.

ക്ഷേമ പദ്ധതികൾ പൊതുപണം കൊണ്ട് നടത്തുന്നതും എല്ലാ പൗരന്മാർക്കും അവകാശപ്പെട്ടതുമാണ്. ക്ഷേമ പദ്ധതികൾ രാജകുമാരൻ സുവേന്ദുവിന്റെ വ്യക്തിഗത ചാരിറ്റിയാണെന്ന മട്ടിലാണ് സർക്കാർ കാണുന്നതെന്നും ഉവൈസി വിമർശിച്ചു. നേരത്തെ, പാർട്ടിക്കുള്ളിലെ വ്യാപക അഴിമതി കാരണം തൃണമൂൽ കോൺഗ്രസ് വലിയ തകർച്ചയിലേക്ക് പോകുകയാണെന്ന് ബംഗാൾ മന്ത്രി ദിലീപ് ഘോഷ് കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ക്ഷേമ പദ്ധതികളുടെ ഫണ്ട് വൻതോതിൽ തട്ടിയെടുത്ത് ടി.എം.സി നേതാക്കളെല്ലാം വൻതോതിൽ സമ്പാദിച്ചു. അഴിമതിക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും ദിലീപ് വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് തൃണമൂൽ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പാർട്ടി അധ്യക്ഷ മമത ബാനർജി കാളിഘട്ടിലെ തന്റെ വസതിയിൽ വിളിച്ചുചേർത്ത അടിയന്തര യോഗത്തിൽ നിന്ന് ഭൂരിഭാഗം ജനപ്രതിനിധികളും വിട്ടുനിന്നത് വൻ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. പാർലമെന്റിലും നിയമസഭയിലുമായി വലിയ അംഗബലമുള്ള പാർട്ടിയിൽ നിന്ന് വെറും എട്ടു എം.എൽ.എമാരും ആറു എം.പിമാരും മാത്രമാണ് യോഗത്തിനെത്തിയത്.

ആകെ 28 ലോക്‌സഭാ എം.പിമാരും 13 രാജ്യസഭാ എം.പിമാരും 80 എം.എൽ.എമാരും ടി.എം.സിക്കുള്ളപ്പോഴാണ് ഈ തിരിച്ചടി. മദൻ മിത്ര, ഫിർഹാദ് ഹക്കിം, സ്പീക്കർ ബിമൻ ബാനർജി തുടങ്ങിയ പ്രമുഖ എം.എൽ.എമാരും അഭിഷേക് ബാനർജി, ഡെറക് ഒബ്രിയാൻ, കല്യാൺ ബാനർജി തുടങ്ങിയ എം.പിമാരും മാത്രമാണ് യോഗത്തിനെത്തിയത്. ഇതോടെ മമതക്കെതിരെയുള്ള കലാപം പൂർണ്ണമാണെന്ന സൂചനകൾ ശക്തമായി. എന്നാൽ, ഇത് ജനപ്രതിനിധികളുടെ മുഴുവൻ യോഗമായിരുന്നില്ലെന്നും ദേശീയ വർക്കിങ് കമ്മിറ്റി യോഗമായിരുന്നെന്നുമാണ് പാർട്ടിയുടെ ഔദ്യോഗിക വിശദീകരണം. മഹുവ മൊയ്ത്ര അടക്കമുള്ള പല നേതാക്കളും ഓൺലൈനായി യോഗത്തിൽ പങ്കെടുത്തതായും ടി.എം.സി അവകാശപ്പെട്ടു.

Tags:    
News Summary - Owaisi Slams Bengal Govt Over Welfare Scheme Rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.