ന്യൂഡൽഹി: ഏതോ വിദേശ ശക്തികളുടെ ഏജന്റുമാരാണ് നമ്മുടെ ഭരണാധികാരികളെന്നും ഇന്ത്യയും പാകിസ്താനും യുദ്ധം ചെയ്താല്‍ പ്രയോജനം ലഭിക്കുന്നത് ആ വിദേശ ശക്തികള്‍ക്കാണെന്നും ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതേസമയം, യുദ്ധത്തിനിടയില്‍ ജനങ്ങളുടെ നന്മക്കുവേണ്ടി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ജനങ്ങളുടെ ക്ഷേമത്തിനായുള്ള പണമെല്ലാം ആയുധം വാങ്ങുന്നതിലേക്ക് പോവുമെന്നും ദുരിതമനുഭവിക്കേണ്ടി വരുമെന്നും കട്ജു ചൂണ്ടിക്കാട്ടി.
‘ഇന്ത്യയും പാകിസ്താനും ദരിദ്ര രാജ്യങ്ങളാണ്. യുദ്ധങ്ങൾ വളരെ ചെലവേറിയ കാര്യങ്ങളുമാണ്. നമ്മുടെ എല്ലാ വൻകിട ആയുധങ്ങളും വിദേശ രാജ്യങ്ങളിൽനിന്ന് വലിയ വിലക്ക് വാങ്ങേണ്ടിവരുന്നു. നമ്മൾ യുദ്ധം ചെയ്യുകയും ആയുധ വിൽപന വർധിക്കുകയും ചെയ്യുന്നതിലൂടെ ഈ രാജ്യങ്ങൾ നേട്ടമുണ്ടാക്കും. ജനങ്ങളുടെ ക്ഷേമത്തിനായുള്ള വിലയേറിയ വിഭവങ്ങൾ വിദേശ ആയുധങ്ങൾ വാങ്ങുന്നതിനായി പാഴാക്കേണ്ടി വന്നാൽ നാം കഷ്ടപ്പെടും.
നമ്മുടെ ജനങ്ങൾക്ക് ആവശ്യത്തിന് ഭക്ഷണം, വൈദ്യുതി, വെള്ളം, ജോലി, പാർപ്പിടം, വിദ്യാഭ്യാസം, റോഡ്, ആരോഗ്യ സംരക്ഷണം തുടങ്ങി നിരവധി സൗകര്യങ്ങളില്ല. എന്നിട്ടും, ഇരുവശത്തുമുള്ള ഭരണാധികാരികൾ നമ്മൾ യുദ്ധം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. സ്വന്തം നേട്ടത്തിനായി ഒരു ‘മദാരി’ പോലെ തന്റെ കുരങ്ങുകളെക്കൊണ്ട് യുദ്ധം ചെയ്യിപ്പിക്കുന്ന ഏതോ വിദേശ ശക്തിയുടെ ഏജന്റുമാരല്ലേ നമ്മുടെ ഭരണാധികാരികൾ?’ -എന്നായിരുന്നു പോസ്റ്റ്.
ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് പാകിസ്താന്‍ ഭീകരാക്രമണം നടത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യ ഓപറേഷന്‍ സിന്ദൂറിലൂടെ പ്രത്യാക്രമണം നടത്തിയത്. തുടര്‍ന്ന് സംഘര്‍ഷാവസ്ഥയിലായിരുന്ന ഇന്ത്യയുടെയും പാകിസ്താന്റെയും നയതന്ത്ര സാഹചര്യ വഷളാവുകയും ചെയ്തിരുന്നു. യുദ്ധസമാനമായ സാഹചര്യമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളതെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ഭീകരകേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണം ഒരു തുടക്കം മാത്രമാണെന്നും പ്രധാനമന്ത്രിയുള്‍പ്പെടെ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.