ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിങ് എളുപ്പത്തിലാക്കാൻ കൂടുതൽ പരിഷ്‍കാരങ്ങളുമായി റെയിൽവേ. ഇതോടെ ഉപയോക്താക്കൾക്ക് കൂടുതൽ ടിക്കറ്റ് ഒപ്ഷനുകൾ ലഭ്യമാവും. ഇതിന് പുറമെ, കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കുന്ന രീതിയിൽ ബുക്കിങ് സംവിധാനത്തിലും സമഗ്രമായ പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
വ്യവസായ നിലവാരമുറപ്പുവരുത്തി അത്യാധുനിക സൈബർ സുരക്ഷാ നിയന്ത്രണങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇന്ത്യൻ റെയിൽവേയുടെ റിസർവേഷൻ ടിക്കറ്റിംഗ് സംവിധാനമെന്ന് ഡിസംബർ 10ന് ലോക്സഭയിൽ നൽകിയ മറുപടിയിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ബുക്കിംഗ് പരിഷ്‍കാരങ്ങൾ ഇങ്ങനെ
- റിസർവേഷൻ സംവിധാനം മെച്ചപ്പെടുത്തുന്നതിനും സാധാരണ, തത്കാൽ ടിക്കറ്റുകളുടെ ലഭ്യത ഉറപ്പാക്കാനും സ്വീകരിച്ച നടപടികളും അശ്വിനി വൈഷ്ണവ് മറുപടിയിൽ വ്യക്തമാക്കുന്നു.
- ഉപയോക്തൃ അക്കൗണ്ടുകൾ കർശനമായ വിലയിരുത്തലിന് വിധേയമാക്കി
- 2025 ജനുവരി മുതൽ 3.02 കോടി യൂസർ ഐഡികൾ നിർജ്ജീവമാക്കി.
- തെറ്റായ വിവരങ്ങൾ ഉപയോഗിച്ച് സൃഷ്ടിച്ച ഐഡികൾ തിരിച്ചറിഞ്ഞ് നിർജീവമാക്കുന്നതിനും യാത്രക്കാർക്ക് സുഗമമായ ബുക്കിംഗ് ഉറപ്പാക്കുന്നതിനും അക്കാമായ് പോലുള്ള ആന്റി-ബോട്ട് സംവിധാനങ്ങൾ വിന്യസിച്ചു.
- ദുരുപയോഗം തടയുന്നതിനായി ഓൺലൈൻ തത്കാൽ ടിക്കറ്റ് ബുക്കിങ്ങിൽ ആധാർ അധിഷ്ഠിത വൺ-ടൈം പാസ്വേഡ് (ഒ.ടി.പി) സംവിധാനം ഘട്ടം ഘട്ടമായി അവതരിപ്പിച്ചു. ഡിസംബർ നാലിന് ലഭ്യമായ കണക്കുകൾ പ്രകാരം 322 ട്രെയിനുകളിലാണ് സംവിധാനം പ്രവർത്തനസജ്ജമായിരിക്കുന്നത്. ഇതിന് പിന്നാലെ, ഈ ട്രെയിനുകളിൽ തത്കാൽ ടിക്കറ്റ് ലഭ്യതയിൽ 65 ശതമാനം വരെ വർധനവുണ്ടായി.
- റിസർവേഷൻ കൗണ്ടറുകളിൽ നിന്ന് നേരിട്ട് ബുക്ക് ചെയ്യുന്ന തൽക്കാൽ ടിക്കറ്റുകളിലും ആധാർ അധിഷ്ഠിത ഒ.ടി.പി സംവിധാനം ഘട്ടംഘട്ടമായി അവതരിപ്പിച്ചുവരികയാണ്. ഡിസംബർ നാലുവരെ 211 ട്രെയിനുകളിലാണ് സംവിധാനം നടപ്പിലാക്കിയിട്ടുള്ളത്. ഇതടക്കം പരിഷ്‍കാരങ്ങൾ നിലവിൽ വന്നതോടെ 96 ജനപ്രിയ ട്രെയിനുകളിൽ തത്കാൽ ടിക്കറ്റിന്റെ ലഭ്യതയിൽ 95 ശതമാനം വർധനവുണ്ടായി.
- സംശയാസ്പദമായി പി.എൻ.ആർ രേഖകൾ തയ്യാറാക്കിയത് കണ്ടെത്തിയതിന് പിന്നാലെ, ദേശീയ സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകി.
- നെറ്റ്വർക്ക് ഫയർവാളുകൾ, സൈബർ ക്രിമിനലുകളുടെ നുഴഞ്ഞുകയറ്റം തടയാൻ സംവിധാനം, ആപ്ലിക്കേഷൻ ഡെലിവറി കൺട്രോളറുകൾ, സൈബർ ഭീഷണികളിൽ നിന്ന് സിസ്റ്റത്തെ സംരക്ഷിക്കുന്ന വെബ് ആപ്ലിക്കേഷൻ ഫയർവാളുകൾ എന്നിവ പോലുള്ള ഒന്നിലധികം സുരക്ഷാസംവിധാനങ്ങളുടെ ഉപയോഗം. സി.സി.ടി.വി നിരീക്ഷണത്തിലൂടെയും എൻഡ്-ടു-എൻഡ് എൻക്രിപ്ഷനിലൂടെയും സുരക്ഷിതമാക്കിയ പ്രത്യേക ഡാറ്റാ സെന്ററിലാണ് ഈ സംവിധാനം ഹോസ്റ്റ് ചെയ്യുന്നത്. ഐ.എസ്.ഒ 27001 ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്മെന്റ് സിസ്റ്റം (ഐ.എസ്.എം.എസ്) മാനദണ്ഡങ്ങൾ പ്രകാരമാണ് ഡാറ്റാ സെന്റർ പ്രവർത്തിക്കുന്നത്.
- റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ നേതൃത്വത്തിൽ മെച്ചപ്പെട്ട സുരക്ഷ സംവിധാനങ്ങൾ. സുരക്ഷാ ഭീഷണികളെ ഫലപ്രദമായി നേരിടാൻ സംവിധാനം.
- റിസർവേഷൻ സംവിധാനത്തിൽ സി.ഇ.ആർ.ടി-ഇൻ-എൻപാനൽഡ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഡിറ്റ് ഏജൻസികളുടെ നേതൃത്വത്തിൽ സുരക്ഷാ ഓഡിറ്റുകൾ. ടിക്കറ്റിംഗ് സംവിധാനവുമായി ബന്ധപ്പെട്ട ഇന്റർനെറ്റ് ട്രാഫിക്കിൽ സി.ഇ.ആർ.ടി-ഇൻ, നാഷണൽ ക്രിട്ടിക്കൽ ഇൻഫർമേഷൻ ഇൻഫ്രാസ്ട്രക്ചർ പ്രൊട്ടക്ഷൻ സെന്റർ (എൻ.സി.ഐ.പി.സി) എന്നിവയുടെ നേതൃത്വത്തിൽ തുടർച്ചയായ നിരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.