ന്യൂഡൽഹി: കത്തുന്ന മണിപ്പൂർ അടക്കം നിരവധി ഗുരുതര വിഷയങ്ങൾ ദേശീയതലത്തിൽ ഉയർന്നുനിൽക്കുന്നതിനാൽ മഴക്കാല പാർലമെന്റ് സമ്മേളനത്തിന്റെ തുടക്കം മുടക്കത്തോടെയാകുമെന്ന് ഉറപ്പായി. വ്യാഴാഴ്ചയാണ് സമ്മേളനം തുടങ്ങുന്നത്. മറ്റു നടപടികൾ മാറ്റിവെച്ച് മണിപ്പൂർ വിഷയം ആദ്യം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അടക്കം വിവിധ പ്രതിപക്ഷ പാർട്ടികൾ അടിയന്തര പ്രമേയ നോട്ടീസ് നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വഴങ്ങാൻ സർക്കാർ തയാറല്ല.
മണിപ്പൂർ അടക്കം ഏതു വിഷയവും ചർച്ചചെയ്യാമെന്നാണ് സർക്കാർ നിലപാട്. എന്നാൽ, സഭാധ്യക്ഷന്റെ അനുമതിയോടെ ചട്ടപ്രകാരം മുന്നോട്ടുനീങ്ങാമെന്നാണ് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കിയത്. ഏറ്റവും ആദ്യം മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ നിലപാടിനിടയിൽ തന്നെയാണിത്. ബംഗളൂരുവിൽ നടന്ന പ്രതിപക്ഷ ഐക്യ സമ്മേളനം പാർലമെന്റിൽ സർക്കാറിനെതിരെ ഒന്നിച്ചു നീങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. 26 പാർട്ടികൾ ഒന്നിച്ച് സർക്കാറിനെതിരെ തിരിഞ്ഞാൽ സഭാനടപടി മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല.
പാർലമെന്റ് സമ്മേളന ദിവസങ്ങളിൽ രാവിലെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയുടെ മുറിയിൽ യോഗം ചേർന്ന് സഭാതന്ത്രം രൂപപ്പെടുത്താൻ പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’ തീരുമാനിച്ചിട്ടുണ്ട്. പാർലമെന്റിന്റെ സുഗമമായ നടത്തിപ്പിന് സർവകക്ഷി യോഗം സർക്കാർ ബുധനാഴ്ച വിളിച്ചിരുന്നെങ്കിലും, ഭരണ-പ്രതിപക്ഷങ്ങൾ ഏറ്റുമുട്ടലിന്റെ പാതയിൽ തന്നെ. ആഗസ്റ്റ് 11 വരെയാണ് മഴക്കാല സമ്മേളനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.