ഓപറേഷൻ സിന്ദൂർ പരാജയം, അമിത് ഷാ രാജിവെക്കണം -സഞ്ജയ് റാവത്ത്

മുംബൈ: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ സേന നടത്തിയ ഓപറേഷൻ സിന്ദൂർ ഒരു പരാജയമാണെന്നും പാർലമെന്‍റിൽ ചർച്ച നടത്തണമെന്നും ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) എം.പി സഞ്ജയ് റാവത്ത്. ഭീകരാക്രമണത്തിന് ഉത്തരവാദി അമിത് ഷായാണ്. ആഭ്യന്തരമന്ത്രിയെന്ന നിലയിൽ പരാജയപ്പെട്ട അമിത് ഷാ രാജിവെക്കണമെന്നും സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു. ശിവസേന സ്ഥാപകൻ ബാൽ താക്കറെ ജീവിച്ചിരുന്നെങ്കിൽ, ഓപറേഷൻ സിന്ദൂറിന്‍റെ പേരിൽ പ്രധാനമന്ത്രി മോദിയെ കെട്ടിപ്പിടിച്ചേനെയെന്ന പരാമർശം നടത്തി ഒരുദിവസം പിന്നിടുന്നതിനിടെയാണ് എം.പിയുടെ പുതിയ പരാമർശം.

“എന്തുകൊണ്ടാണ് പഹൽഗാമിൽ ഭീകരാക്രമണമുണ്ടായത്? അതിന്‍റെ ഉത്തരവാദിത്തം അമിത് ഷാക്ക് മാത്രമാണ്. ആഭ്യന്തരമന്ത്രിയെന്ന നിലയിൽ അദ്ദേഹം പരാജയമാണ്. പ്രധാനമന്ത്രി മോദി അദ്ദേഹത്തോട് രാജിവെച്ച് ഒഴിയാൻ ആവശ്യപ്പെടണം. ഓപറേഷൻ സിന്ദൂർ ഒരു പരാജയമാണ്. അതിനെ കുറിച്ച് പാർലമെന്‍റിൽ ചർച്ച ചെയ്യാൻ അവസരമൊരുക്കണം. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു” -സഞ്ജയ് റാവത്ത് പറഞ്ഞു.

ഉദ്ധവ് താക്കറെ കാൽക്കൽ വീഴാത്തതുകൊണ്ടാണ് ബി.ജെ.പി ശിവസേന പിളർത്തിയതെന്ന് സഞ്ജയ് റാവത്ത് ആരോപിച്ചു. 2022 ജൂണിലാണ് ഉദ്ധവ് വിഭാഗവുമായി പിരിഞ്ഞ് ബി.ജെ.പിക്കൊപ്പം ചേർന്ന് ഏക്നാഥ് ഷിൻഡെ മഹായുതി സഖ്യം രൂപവത്കരിച്ച് അധികാരത്തിലേറിയത്. കേന്ദ്രത്തിൽ 11 വർഷമായും സംസ്ഥാനത്ത് മൂന്നര വർഷമായും അധികാരത്തിലുള്ള ബി.ജെ.പി വൻ പരാജയമാണ്. പരാജയം മറയ്ക്കാൻ എന്തിനും ഏതിനും മാഹാത്മ ഗാന്ധിയെയും നെഹ്റുവിനെയും ഇന്ധിര ഗാന്ധിയെയും മൻമോഹൻ സിങ്ങിനെയും അവർ കുറ്റപ്പെടുത്തുകയാണെന്നും സഞ്ജയ് റാവത്ത് വിമർശിച്ചു.

ഈമാസം ഏഴിനാണ് ഇന്ത്യൻ സേന ഓപറേഷൻ സിന്ദൂറിലൂടെ പാകിസ്താനിലെയും പാക്കധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ തകർത്തത്. ആക്രമണത്തിൽ നൂറിലേറെ ഭീകരർ കൊല്ലപ്പെട്ടതായാണ് സർക്കാറിന്‍റെ ഔദ്യോഗിക പ്രതികരണം. 

Tags:    
News Summary - 'Operation Sindoor is a failure': Sanjay Raut says demanding Amit Shah's resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.