ന്യൂഡൽഹി: പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെതിരെ അവകാശലംഘന നടപടിക്ക് കോൺഗ്രസ്. ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ വസ്തുതകൾ മറച്ചുവെച്ച് പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ഉന്നയിക്കുന്ന ആരോപണം. ഇന്ത്യൻ സൈനികരാരും വീരമൃത്യു വരിച്ചിട്ടില്ലെന്നാണ് പ്രതിരോധമന്ത്രി പാർലമെന്റിൽ പറഞ്ഞത്.
സഭാനിയമത്തിലെ ചട്ടം 223ന് കീഴിൽ മന്ത്രിക്കെതിരെ അവകാശലംഘന നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് പാർട്ടി എം.പിയും, പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) അധ്യക്ഷനുമായ കെ.സി വേണുഗോപാൽ ലോക്സഭാ സ്പീക്കർ ഓം ബിർളക്ക് കത്തെഴുതി. പഹൽഗാമിലെ ഭീകരാക്രമണവും ഓപറേഷൻ സിന്ദൂറും സംബന്ധിച്ച് 2025 ജൂലൈ 28ന് ലോക്സഭയിൽ നടന്ന ചർച്ചാവേളയിലാണ് ഇന്ത്യൻ സൈനികർക്ക് ആർക്കും തന്നെ യാതൊരു ഹാനിയും സംഭവിച്ചിട്ടില്ലെന്ന് രാജ്നാഥ് സിങ് പ്രസ്താവന നടത്തിയത്. അതിന് വിരുദ്ധമായാണ് ആറ് ജവാന്മാർ വീരമൃത്യു വരിച്ച കാര്യം സർക്കാർ വെളിപ്പെടുത്തിയതെന്ന് വേണുഗോപാൽ കത്തിൽ ഓർമിപ്പിച്ചു. മന്ത്രി പാർലമെന്റിൽ തെറ്റായ വിവരം നൽകുകയോ യഥാർഥ വസ്തുതകൾ മറച്ചുവെക്കുകയോ ചെയ്യുന്നത് അവകാശ ലംഘനവും അലക്ഷ്യവും ആകുമെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്സഭയിലെ ചർച്ചാവേളയിൽ രാജ്യത്തെ ജനങ്ങളോട് കള്ളം പറയുകയാണ് പ്രതിരോധമന്ത്രി ചെയ്തത്. വീരമൃത്യു വരിച്ച ജവാന്മാരുടെ കർമധീരതയും ജീവത്യാഗവും ജനങ്ങളിൽ നിന്ന് മറച്ചുവെച്ചത് രക്തസാക്ഷികളുടെ കുടുംബങ്ങളോടും സായുധസേനയോടുമുള്ള പരിഹാസമാണെന്ന് എക്സിലെ പോസ്റ്റിൽ വേണുഗോപാൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.