സച്ചിൻ അഹിർ, ആദിത്യ താക്കറെ
മുംബൈ: ശിവസേന ഉദ്ധവ് പക്ഷത്തിന് (ശിവസേന യു.ബി.ടി) കനത്ത തിരിച്ചടിയായി മുതിർന്ന നേതാവും മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ അംഗവുമായ സച്ചിൻ അഹിർ ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയിൽ ചേർന്നു. ആദിത്യ താക്കറെയുടെ ഏറ്റവും അടുത്ത അനുയായികളിലൊരാളാണ് സച്ചിൻ അഹിർ. അതുകൊണ്ടുതന്നെ സച്ചിൻ അഹിറിന്റെ കൂറുമാറ്റം ശിവസേന ഉദ്ധവ് പക്ഷത്തിന് കനത്ത രാഷ്ട്രീയ പ്രഹരമാകും.
ഷിൻഡെ വിഭാഗത്തിൽ ചേർന്നതിന് പിന്നാലെ സച്ചിൻ അഹിർ മഹാരാഷ്ട്ര നിയമസഭാ കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തേക്കുള്ള നാമനിർദേശവും സമർപ്പിച്ചു. വിമത നീക്കത്തെ ഷിൻഡെ വിഭാഗം ‘ഓപറേഷൻ ടൈഗർ 3’ എന്നാണ് വിശേഷിപ്പിച്ചത്. ഉദ്ധവ് താക്കറെ പക്ഷത്തിൽ നിന്ന് ഇനിയും കൂടുതൽ നേതാക്കൾ തങ്ങളുടെ പക്ഷത്തേക്ക് എത്തുമെന്നാണ് ഷിൻഡെ വിഭാഗത്തിന്റെ അവകാശവാദം.
മുംബൈയിൽ പ്രത്യേകിച്ച് വോർളി നിയോജക മണ്ഡലത്തിൽ ആദിത്യ താക്കറെയുടെ വലംകൈ ആയിരുന്നു സചിൻ അഹിർ. 2019ൽ ആദിത്യ താക്കറെ ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ, അന്ന് എൻ.സി.പിയിലായിരുന്ന സചിൻ അഹിറിനെ ശിവസേനയിലെത്തിക്കുകയും വോർളിയുടെ ചുമതല പൂർണമായി നൽകുകയുമായിരുന്നു. അതേസമയം, സചിൻ അഹിർ പാർട്ടി വിട്ടതിൽ വികാരപരമായാണ് ആദിത്യ താക്കറെ പ്രതികരിച്ചത്. ‘ജീവിതത്തിൽ ഒരാൾക്ക് ചില മര്യാദകൾ ഉണ്ടായിരിക്കണം. പാർട്ടി നിങ്ങൾക്ക് എല്ലാം നൽകുന്നുണ്ടെങ്കിൽ, മോശം സമയങ്ങളിൽ നിങ്ങൾ പാർട്ടിക്കൊപ്പം നിൽക്കണം. അയാളെ എന്റെ അടുത്ത് കൊണ്ടുവരൂ. പാർട്ടി എന്താണ് അദ്ദേഹത്തിന് നൽകാത്തതെന്ന് ഞാൻ ചോദിക്കാം’ -ആദിത്യ താക്കറെ പ്രതികരിച്ചു.
സച്ചിൻ അഹിറിനെ പോലൊരു പരിചയസമ്പന്നനായ നേതാവ് പാർട്ടിയിലെത്തിയതിൽ സന്തോഷമുണ്ടെന്ന് ഷിൻഡെ വിഭാഗം പ്രതികരിച്ചു. രാഷ്ട്രീയത്തിൽ ‘സിക്സ് അടിച്ച’ ‘തെണ്ടുൽക്കർ’ എന്നായിരുന്നു ഷിൻഡെയുടെ വിശേഷണം.
അതേസമയം, മഹാ വികാസ് അഘാഡി (എം.വി.എ) സഖ്യത്തെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ അവരുടെ നേതാക്കൾ തങ്ങൾക്കൊപ്പം വരുന്നുണ്ടെങ്കിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും മഹാരാഷ്ട്രയിലെ ശിവസേന മന്ത്രി സഞ്ജയ് ഷിർസാത്ത് പറഞ്ഞു. ഇത് ഓപറേഷൻ ടൈഗർ അല്ലെന്നും ഏക്നാഥ് ഷിൻഡെ നടത്തുന്ന ഓപറേഷൻ എമർജൻസിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സച്ചിൻ അഹിറിന്റെ നീക്കത്തിൽ എം.വി.എയുടെ സഖ്യകക്ഷിയായ കോൺഗ്രസ് ആശ്ചര്യം പ്രകടിപ്പിച്ചു. സചിൻ അഹിർ ഏതാനും ദിവസങ്ങൾക്ക് മുമ്പ് യോഗത്തിൽ പങ്കെടുത്തിരുന്നതായും അദ്ദേഹം ഈ നീക്കം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും കോൺഗ്രസ് നേതാവ് അമീൻ പട്ടേൽ പറഞ്ഞു. സചിൻ അഹിറിന്റെ പാർട്ടി മാറ്റം വലിയ തിരിച്ചടിയല്ലെന്നും ഇത്തരം രാഷ്ട്രീയ നീക്കങ്ങൾ നേരിടാൻ പാർട്ടി തയാറാണെന്നും ഉദ്ധവ് താക്കറെ വിഭാഗം വ്യക്തമാക്കി.
സമീപകാലത്ത് ഉദ്ധവ് താക്കറെ പക്ഷത്തുനിന്ന് നിരവധി ജനപ്രതിനിധികൾ ഷിൻഡെ വിഭാഗത്തിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് സച്ചിൻ അഹിറിന്റെ പാർട്ടിമാറ്റം. ഒമ്പതു എം.പിമാരുള്ള ഉദ്ധവ് പക്ഷത്തുനിന്ന് ആറ് എം.പിമാരാണ് ഷിൻഡെ പക്ഷത്ത് എത്തിയത്. ഓം പ്രകാശ് രാജെ നിമ്പാൽക്കർ, നാഗേഷ് പാട്ടീൽ അഷ്ടികർ, സഞ്ജയ് ജാദവ്, സഞ്ജയ് ദിന പാട്ടീൽ, ഭൗസാഹെബ് വാക്ചൗരെ, സഞ്ജയ് ദേശ്മുഖ് എന്നിവരാണ് ശിവസേന (യു.ബി.ടി) പാർട്ടി വിട്ട എംപിമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.