പ്രതീകാത്മക ചിത്രം

യൂടൂബ് നോക്കി വീട്ടിൽ പ്രസവം; അമിത രക്തസ്രാവത്തെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം

തിരുപ്പൂർ: അലോപ്പതി ചികിത്സയോടുള്ള അവഗണനയും അന്ധമായ വിശ്വാസവും കാരണം യുവതിക്ക് ദാരുണാന്ത്യം. യൂടൂബ് വീഡിയോകൾ നോക്കി വീട്ടിൽ വെച്ച് പ്രസവിക്കാൻ ശ്രമിച്ച 32കാരിയായ യുവതി അമിത രക്തസ്രാവത്തെ തുടർന്ന് മരണപ്പെട്ടത്. തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലെ ഊത്തുകുളിക്ക് സമീപമുള്ള തളവായ്പാളയത്താണ് സംഭവം. ജൂൺ 24-ാം തീയതി പുലർച്ചെയാണ് യുവതി വീട്ടിൽ വെച്ച് പെൺകുട്ടിക്ക് ജന്മം നൽകിയത്. ഭർത്താവും മറ്റ് കുടുംബാംഗങ്ങളും ചേർന്നാണ് പ്രസവത്തിന് നേതൃത്വം നൽകിയത്. ഇവർ വൈദ്യസഹായം തേടുന്നതിന് പകരം യൂടൂബിലെ പ്രസവ സംബന്ധമായ വീഡിയോകൾ കണ്ട് പ്രസവം നടത്താൻ തീരുമാനിക്കുകയായിരുന്നു.

ആദ്യ പ്രസവം സിസേറിയൻ ആയതിനാൽ, ഇത്തവണ സ്വാഭാവിക പ്രസവം വേണമെന്ന ആഗ്രഹവും അലോപ്പതി ചികിത്സയോടുള്ള വിമുഖതയുമാണ് ദമ്പതികളെ ഇത്തരം ഒരു അപകടകരമായ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രസവശേഷം പ്ലാസന്റ പുറത്തുവരാൻ കാലതാമസം നേരിട്ടതോടെ യുവതിക്ക് കടുത്ത രക്തസ്രാവം ഉണ്ടായി. ആരോഗ്യനില വഷളായതിനെത്തുടർന്ന് ഇവരെ പെരുന്തുറൈയിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ചയോടെ യുവതി മരണത്തിന് കീഴടങ്ങി. കുഞ്ഞ് സുരക്ഷിതയാണെന്നും ആരോഗ്യവതിയാണെന്നും അധികൃതർ അറിയിച്ചു.

സംഭവത്തിൽ ഊത്തുകുളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ ഭർത്താവിനെതിരെ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 105 പ്രകാരം 'മരണകാരണമാകുന്ന കുറ്റകരമായ നരഹത്യ'ക്കാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുടുംബം പരാതി നൽകാൻ തയ്യാറായില്ലെങ്കിലും, കുന്ദത്തൂർ ബ്ലോക്ക് മെഡിക്കൽ ഓഫീസറുടെ പരാതിയിലാണ് പൊലീസ് നടപടി. ആരോഗ്യ വകുപ്പും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

പ്രസവം എന്നത് വളരെ സങ്കീർണ്ണമായ ഒരു വൈദ്യശാസ്ത്ര പ്രക്രിയയാണെന്നും, പരിശീലനം ലഭിച്ചവരുടെ മേൽനോട്ടം ഇല്ലാതെ അത് നടത്തുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്നും മെഡിക്കൽ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച്, മുൻപ് സിസേറിയൻ കഴിഞ്ഞവരിൽ പ്രസവസമയത്ത് ഗർഭപാത്രം പൊട്ടാനുള്ള സാധ്യതയുണ്ടെന്നും, ഇത്തരം സന്ദർഭങ്ങളിൽ അടിയന്തര ശസ്ത്രക്രിയയും രക്തവും ആവശ്യമായി വരുമെന്നും ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു. ഓൺലൈൻ വിവരങ്ങളെ മാത്രം വിശ്വസിച്ച് ആരോഗ്യകാര്യങ്ങളിൽ അശാസ്ത്രീയമായ തീരുമാനങ്ങൾ എടുക്കുന്നത് ജീവന് തന്നെ ഭീഷണിയാകുമെന്ന് ഈ ദാരുണ സംഭവം ഒരിക്കൽ കൂടി വ്യക്തമാക്കുന്നു.

Tags:    
News Summary - Woman gives birth at home after watching YouTube dies tragically due to excessive bleeding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.