വിവാഹ സർട്ടിഫിക്കറ്റ് വിവാഹിതനാണെന്നതിന്റെ തെളിവല്ല, ചടങ്ങിൽ പങ്കെടുത്തതിന്റെ രേഖ മാത്രം’ -കേന്ദ്ര സർക്കാറിനെ ട്രോളി രാജ്ദീപ് സര്‍ദേശായി

ന്യൂഡല്‍ഹി: ഇന്ത്യൻ പൗരത്വം തെളിയിക്കുന്ന രേഖകളുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാറിന്റെ വാദങ്ങളെ പരിഹസിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ രാജ്ദീപ് സര്‍ദേശായി. ഭാവിയില്‍ വരാന്‍ പോകുന്ന ഭരണപരമായ പ്രഖ്യാപനം എന്ന സമൂഹമാധ്യമമായ എക്സിലെ കുറിപ്പിലൂടെയാണ് സർദേശായിയുടെ പരിഹാസം.

‘ശനിയാഴ്ച രാത്രിയിലെ നർമ്മം: അടുത്തതായി വരാൻ പോകുന്ന പ്രഖ്യാപനം. വിവാഹ സർട്ടിഫിക്കറ്റ് നിങ്ങൾ വിവാഹിതനാണെന്നതിന്റെ തെളിവല്ല. നിങ്ങളുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നുവെന്ന് കാണിക്കുന്നതിനുള്ള ഒരു രേഖ മാത്രമാണ്.’ -എന്നായിരുന്നു സർദേശായിയുടെ കുറിപ്പ്. പൗരത്വവും പാസ്‌പോർട്ടും തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണ് സർദേശായിയുടെ പരിഹാസം. സർദേശായിയുടെ പോസ്റ്റിന് പിന്നാലെ നെറ്റിസൺസും കേന്ദ്രസർക്കാറിന്റെ നിലപാടുകളെ പരിഹസിച്ച് രംഗത്തെത്തി.

പാസ്​പോർട്ട് കേവലം ഒരു യാത്രാരേഖ മാത്രമാണെന്നും പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്നും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചിരുന്നു. ഇന്ത്യയിൽ നിലവിലുള്ള നിയമപ്രകാരം പാസ്‌പോർട്ട് ഒരിക്കലും പൗരത്വത്തിന്റെ തെളിവായി കണക്കാക്കിയിട്ടില്ലെന്നും കേന്ദ്രം കൂട്ടിച്ചേർത്തിരുന്നു. എന്നാൽ, പാസ്‌പോർട്ട് പൗരത്വ രേഖയല്ലെങ്കിൽ പിന്നെ ഏത് രേഖയാണ് പൗരത്വം തെളിയിക്കാൻ ഉപയോഗിക്കേണ്ടതെന്ന ചോദ്യവുമായി പ്രതിപക്ഷം രംഗത്തെത്തി.

അതേസമയം, വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കം ചെയ്തതിനെ തുടർന്ന് പാസ്​പോർട്ട് പുതുക്കി ലഭിക്കുന്നതിൽ പ്രയാസം നേരിടുന്നതായി ടെലഗ്രാഫ് മുൻ എഡിറ്റർ ആർ. രാജഗോപാൽ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ അദ്ദേഹം കൊൽക്കത്ത പൊലീസിന് പരാതി നൽകുകയും ചെയ്തിരുന്നു.

തന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അമേരിക്കയിലേക്ക് പോകാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് രാജഗോപാൽ പാസ്‌പോർട്ട് വെല്ലുവിളികൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. ബാലീഗഞ്ച് പൊലീസ് സ്റ്റേഷനിൽ നിന്ന് ഫോൺ വന്നപ്പോൾ വോട്ടർ ഐ.ഡി കാർഡ് ഹാജരാക്കാൻ ആവശ്യപ്പെട്ടതായും, എന്നാൽ അപ്പോഴേക്കും പട്ടികയിൽ നിന്ന് തന്റെ പേര് നീക്കം ചെയ്തിരുന്നതായി അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ജൂലൈ 17ന് റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ ഹാജരാകാനാണ് രാജഗോപാലിന് ഇപ്പോൾ ലഭിച്ചിരിക്കുന്ന നിർദേശം. വിഷയത്തിൽ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

Tags:    
News Summary - Marriage certificate is not proof of marriage it is only a record of attending the ceremony Rajdeep Sardesai trolls central government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.