മുസ്‍ലിം സ്ത്രീകളെ പരസ്യമായി ബലാത്സംഗം ചെയ്യണമെന്ന് സന്യാസി; 'ജയ് ശ്രീറാം' വിളിയോടെ ആൾക്കൂട്ടം

ഉത്തർ പ്രദേശിൽ കടുത്ത വിദ്വേഷ പ്രസംഗവുമായി സന്യാസി രംഗത്ത്. സീതാപൂരിലെ ഖൈറാബാദിൽ ശേഷെ വാലി മസ്ജിദിന് സമീപത്തു സംഘടിപ്പിച്ച പരിപാടിയിലാണ് സന്യാസിയുടെ വിദ്വേഷ പ്രസംഗം. ജീപ്പിലിരുന്നാണ് മൈക്രോഫോണിലൂടെ ഇയാൾ അണികളോട് സംസാരിക്കുന്നത്.

ഏപ്രിൽ രണ്ടിനാണ് വിവാദ പ്രസംഗം നടന്നത്. ഇയാളുടെ വാക്കുകളെ 'ജയ് ശ്രീറാം' മുഴക്കി അക്രമാസക്തരായാണ് ആൾക്കൂട്ടം സ്വീകരിക്കുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ പ്രസംഗം മുഴുവൻ ശ്രവിച്ച് സംഭവസ്ഥലത്ത് നിൽക്കുന്നുണ്ടെങ്കിലും ഒരു ഇടപെടലും നടത്തിയില്ല. മുസ്‍ലിം സ്ത്രീകളെ പരസ്യമായി ബലാത്സംഗം ചെയ്യണം എന്ന സന്യാസിയുടെ ആഹ്വാനത്തെ 'ജയ് ശ്രീറാം' മുഴക്കിയാണ് ആൾക്കൂട്ടം സ്വീകരിക്കുന്നത്.

പ്രസംഗത്തിന്റെ രണ്ടു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'നിങ്ങളിൽ ആരെങ്കിലും ഒരു ഹിന്ദു പെൺകുട്ടിയെ അനാവശ്യമായി സമീപിച്ചാൽ ഞാൻ പരസ്യമായി മുസ്ലിം സ്ത്രീകളെ തട്ടിയെടുത്ത് ബലാത്സംഗം ചെയ്യും'- പുരോഹിതൻ പറഞ്ഞു.

ഒരു വാഹനത്തിന്റെ മുൻസീറ്റിലിരുന്നാണ് കാവി വസ്ത്രധാരിയായ പുരോഹിതന്റെ പ്രസംഗം. തന്നെ കൊലപ്പെടുത്താൻ മുസ്‌ലിംകൾ ഗൂഢാലോചന നടത്തിയെന്നും ഇതിനായി 28 ലക്ഷം രൂപ പിരിച്ചെടുത്തെന്നും ഇയാൾ ആരോപിക്കുന്നു.


തലസ്ഥാനമായ ലഖ്‌നൗവിൽ നിന്ന് 100 കിലോ മീറ്റർ അകലെയുള്ള സ്ഥലമാണ് ഖൈറാബാദ്. വിദ്വേഷ പ്രസംഗം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറായിട്ടില്ല. 'ആൾട്ട് ന്യൂസ്' സഹസ്ഥാപകൻ മുഹമ്മദ് സുബൈർ അടക്കമുള്ളവർ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് സുബൈറിന്റെ ട്വീറ്റിന് മറുപടിയായി സീതാപൂർ പൊലീസ് പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥൻ ഇതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും വസ്തുതകളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ബജ്റംഗ് മുനി എന്നയാളാണ് പ്രസംഗിക്കുന്നതെന്ന് തിരിച്ചറിഞ്ഞതായി ചിലർ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

Tags:    
News Summary - On Camera, Hatemonger's Rape Threat To Muslim Women In UP Amid Cheers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.