ജയ് സാൽമീർ: ആഗോള എണ്ണ വിപണിയിലെ വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കും അനിശ്ചിതത്വത്തിനും ഇടയിൽ ഓയിൽ ഇന്ത്യ ലിമിറ്റഡ് രാജസ്ഥാനിലെ താർ മരുഭൂമിയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഉത്പാദനം ഗണ്യമായി വർധിപ്പിച്ചു. ഞായറാഴ്ച പുറത്ത് വിട്ട കണക്കുകൾ പ്രകാരം പ്രതിദിന ഉൽപാദനം 1,202 ബാരൽ എന്ന ചരിത്ര നേട്ടത്തിൽ എത്തിയിരിക്കുകയാണ്.
കഴിഞ്ഞ വർഷത്തെ പ്രതിദിനം 705 ബാരലുമായി താരതമ്യം ചെയ്യുമ്പോൾ പൊതുമേഖല കമ്പനി ഉൽപാദനം 70 ശതമാനമാണ് വർധിച്ചത്. 2025-26 സാമ്പത്തിക വർഷത്തിൽ ആകെ 43,773 മെട്രിക് ടൺ ക്രൂഡ് ഓയിൽ ഉൽപാദനം രേഖപ്പെടുത്തി. 2024-25 ലെ വാർഷിക ഉൽപാദനം 32,787 മെട്രിക് ടൺ ആയിരുന്നു.
രാജസ്ഥാൻ തടത്തിലെ ബിക്കാനീർ-നാഗൗർ ഉപതടത്തിൽ സ്ഥിതി ചെയ്യുന്ന ബാഗേവാല എണ്ണപ്പാടം ഇന്ത്യയിലെ ചുരുക്കം ചില തീരദേശ എണ്ണപ്പാടങ്ങളിൽ ഒന്നാണ്. ഖനനം ചെയ്തെടുക്കുന്ന അസംസ്കൃത എണ്ണ, ടാങ്കറുകൾ വഴി ഗുജറാത്തിലെ മെഹ്‌സാനയിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ പ്ലാറ്റിൽ എത്തിക്കും. അവിടെ നിന്ന് പൈപ്പ്‌ലൈൻ വഴി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൻറെ കൊയാലി റിഫൈനറിയിലെക്ക് ശുദ്ധീകരണത്തിനായി അയക്കുന്നു.
താർ മരുഭൂമിയിലെ എണ്ണപ്പാടങ്ങളിൽ കാണപ്പെടുന്ന കട്ടിയുള്ള എണ്ണ വേർതിരിച്ചെടുക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. വിസ്കോസിറ്റി ക്രൂഡ് വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന തെർമൽ എൻഹാൻസ്ഡ് ഓയിൽ റിക്കവറി രീതിയായ 'സൈക്ലിക് സ്റ്റീം സ്റ്റിമുലേഷൻ' ഉൾപ്പെടെയുള്ള നൂതന റിക്കവറി ടെക്നിക്കുകളാണ് ഇവിടെ പ്രയോഗിച്ചിരുന്നത്.
2017 മുതൽ ഓയിൽ ഇന്ത്യ ബാഗേവാല പാടത്ത് നിന്ന് കനത്ത ക്രൂഡ് ഉത്പാദിപ്പിക്കുന്നുണ്ട്. 200.26 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ പാടത്ത് നിലവിൽ 52 കിണറുകളുണ്ട്, അതിൽ 33 എണ്ണം പ്രവർത്തനക്ഷമമാണ്. വരും മാസങ്ങളിൽ കൂടുതൽ കിണറുകൾ സജീവമാക്കുന്നതോടെ ഉൽപാദനം ഇനിയും വർധിക്കും. 2026 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ മൊത്തം എണ്ണ ഉൽപാദനം 7.5 ദശലക്ഷം മെട്രിക് ടൺ ആയി ഉയർത്താനാണ് ഓയിൽ ഇന്ത്യ ലക്ഷ്യമിടുന്നത്.
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ കാരണം ആഗോള വിപണിയിൽ എണ്ണ വിതരണത്തിൽ തടസ്സങ്ങൾ നേരിടാൻ ഇനിയും സാധ്യതയുണ്ട്. ഹുർമുസ് കടലിടുക്ക് പോലുള്ള പ്രധാന പാതകൾ വീണ്ടും തടസ്സപ്പെട്ടാൽ ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾക്കായി ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നത് നിർണ്ണായകമായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.