കൈലാസ മാനസസരോവറും പാക് അധിനിവേശ കശ്മീരും തിരിച്ചുകിട്ടാൻ ഇന്ത്യക്കാർ പ്രത്യേകം പ്രാർഥിക്കണം -ആർ.എസ്.എസ് നേതാവ്

ന്യൂഡൽഹി: ചൈനയിൽ നിന്ന് കൈലാസ മാനസസരോവറും, പാകിസ്താന്‍റെ കൈയിൽ നിന്ന് അധിനിവേശ കശ്മീരും ഇന്ത്യക്ക് തിരിച്ചുകിട്ടാൻ ദിവസവും പ്രത്യേക പ്രാർഥന നടത്തണമെന്ന് ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ. അനധികൃതമായാണ് ഈ മേഖലകൾ ചൈനയും പാകിസ്താനും കൈയടക്കിവെച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'കൈലാസ മാനസസരോവർ ഇന്ത്യയുടെ ഭാഗമായിരുന്നു. അതാണ് ചൈന ഇപ്പോൾ അനധികൃതമായി കൈയടക്കി വെച്ചിരിക്കുന്നത്. മാനസസരോവർ ഇന്ത്യയോട് ചേർക്കണം. സമീപഭാവിയിൽ തന്നെ അത് സംഭവിക്കുമെന്നാണ് രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും പ്രതീക്ഷിക്കുന്നത്' - ഇന്ദ്രേഷ് കുമാർ പറഞ്ഞു.

ലെഫ്. ജനറൽ മനോജ് സിൻഹയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യങ്ങൾ താൻ സംസാരിച്ചെന്ന് ഇന്ദ്രേഷ് കുമാർ പറഞ്ഞു. 'പാക് അധീന കശ്മീർ ജമ്മു കശ്മീരിന്‍റെ ഭാഗമാണ്. അതും തിരികെ കിട്ടാൻ എല്ലാ ദിവസവും രാവിലെ പ്രാർഥിക്കണം. പ്രാർഥനക്ക് അതിന്‍റേതായ ശക്തിയുണ്ട്'.

നരേന്ദ്ര മോദി സർക്കാറിൽ ജനങ്ങൾ പൂർണവിശ്വാസം അർപ്പിക്കണമെന്ന് ഇന്ദ്രേഷ് കുമാർ പറഞ്ഞു. ചൈനയെ തടഞ്ഞുനിർത്തുന്ന നടപടികളിൽ പൂർണ പിന്തുണ നൽകണം. പാകിസ്താനിൽ ചിലർ വിചാരിക്കുന്നത് കശ്മീർ കൂടാതെ പാകിസ്താൻ പൂർണമാകില്ലെന്നാണ്. ഇന്ത്യയിൽ സാധാരണക്കാർ വരെ കരുതുന്നത് കറാച്ചിയും നാനക് സാഹിബും ശാരദ പീഠവും ഉൾപ്പെട്ടാലേ ഇന്ത്യ പൂർണമാകൂവെന്നാണ് -ഇന്ദ്രേഷ് കുമാർ പറഞ്ഞു. 

Tags:    
News Summary - Offer special prayers for return of Kailash Mansarovar, PoK: RSS leader to people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.