ഭുവനേശ്വർ: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഒഡിഷ ആസ്ഥാനമായുള്ള മദ്യക്കമ്പനിയുടെ വിവിധ കേന്ദ്രങ്ങളിൽ തുടർച്ചയായ ആറാംദിവസവും തിരച്ചിൽ തുടർന്നു. കോൺഗ്രസ് രാജ്യസഭ എം.പി ധിരാജ് സാഹുവിന്റെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള ബൽദിയോ സാഹു ആൻഡ് ഗ്രൂപ് ഓഫ് കമ്പനീസിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണക്കിൽപെടാത്ത 353 കോടി രൂപ കണ്ടെടുത്തു. ഞായറാഴ്ച രാത്രി വരെയുള്ള കണക്കുപ്രകാരമാണിത്. ഇത്രയും തുക ഒറ്റ നടപടിയിൽ കണ്ടെടുക്കുന്നത് ആദ്യമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്ത നോട്ടുകെട്ടുകൾ എണ്ണിത്തീർക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൂടുതൽ നോട്ടെണ്ണൽ യന്ത്രങ്ങളും ജീവനക്കാരെയും സജ്ജീകരിച്ചു.
കമ്പനിയുടെ സുദാപദ യൂനിറ്റിലും സംബൽപുർ, തിത്‌ലഗഡ്, സുന്ദർഗഡ്, ബോലാംഗിർ, ഭുവനേശ്വർ എന്നിവിടങ്ങളിലും റെയ്ഡ് നടത്തി. ഐ.ടി പ്രഫഷനലുകളോടൊപ്പമാണ് ആദായനികുതി സംഘം എത്തിയത്. റെയ്ഡിനു പിന്നാലെ, സംസ്ഥാനത്ത് അനധികൃത മദ്യക്കച്ചവടത്തിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും സൗകര്യമൊരുക്കുന്നെന്ന് ആരോപിച്ച് ഒഡിഷയിലെ പ്രതിപക്ഷമായ ബി.ജെ.പി ഭരണകക്ഷിയായ ബി.ജെ.ഡിക്കും സർക്കാറിനുമെതിരെ ആക്രമണം ശക്തമാക്കി.
ധീരജ് സാഹുവിന്റെ വ്യവസായവുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് കോൺഗ്രസ് പ്രതികരിച്ചു. എങ്ങനെയാണ് ഇത്രയും പണം കണ്ടെടുത്തത് എന്ന കാര്യം സാഹുതന്നെയാണ് വിശദീകരിക്കേണ്ടതെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.