ഭുവനേശ്വര്‍: ഒഡിഷയില്‍ പെണ്‍കുട്ടി ജാതി മാറി വിവാഹം കഴിച്ചതിന് ആദിവാസി കുടുംബത്തിലെ 40 പുരുഷന്‍മാരെ നിര്‍ബന്ധിച്ച് തല മൊട്ടയടിപ്പിച്ചു. ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി സ്വന്തം സമുദായത്തിലേക്ക് തിരിച്ചെടുക്കപ്പെടാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു വിചിത്രമായ ഒരു ആചാരത്തിന് യുവതിയുടെ ബന്ധുക്കൾ വിധേയരായത്. ഒഡീഷയിലെ റായഗഡ ജില്ലയിലാണ് സംഭവം.
പട്ടികവിഭാഗത്തില്‍പെട്ട പെണ്‍കുട്ടി പട്ടിക ജാതിയില്‍ ഉള്‍പ്പെടുന്ന ഒരു യുവാവിനെ വിവാഹം ചെയ്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിലെ പുരുഷന്‍മാരെ നിര്‍ബന്ധിച്ച് തല മുണ്ഡനം ചെയ്യിപ്പിച്ചത്. യുവതിയും യുവാവും തമ്മിലുള്ള ബന്ധം നേരത്തേ വീട്ടുകാർ അറിഞ്ഞിരുന്നുവെങ്കിലും ജാതി ചൂണ്ടിക്കാട്ടി വിവാഹം കഴിക്കാൻ സമ്മതം നൽകിയില്ല. തുടർന്ന് ഇരുവരും മറ്റൊരു ഗ്രാമത്തിലേക്ക് പോയി വിവാഹം കഴിക്കുകയായിരുന്നു.
മറ്റൊരു ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതോടെ യുവതിയുടെ കുടുംബം സ്വന്തം ജാതിയില്‍ നിന്നും പുറത്തായെന്ന് നാട്ടുകാര്‍ ആരോപിച്ചു. സ്വന്തം ജാതിയിലേക്ക് തിരികെ പ്രവേശിക്കണമെങ്കിൽ പെണ്‍കുട്ടിയുടെ കുടുംബത്തിലെ പുരുഷന്മാര്‍ തല മൊട്ടയടിക്കണമെന്നും ആടുകള്‍, കോഴികള്‍, പന്നി എന്നിവയെ ബലികൊടുത്താല്‍ മാത്രമേ സ്വന്തം ജാതിയില്‍ തുടരാന്‍ സാധിക്കുകയുള്ളൂവെന്നും നാട്ടുകാര്‍ പറഞ്ഞു.
തുടര്‍ന്ന് യുവതിയുടെ കുടുംബം ബലി നൽകാനും തല മുണ്ഡനം ചെയ്യാനും നിർബന്ധിതരാവുകയായിരുന്നു. സംഭവത്തില്‍ കാശിപൂര്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറോട് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.