'മോദി മുഖം കൊടുത്തില്ല, ബി.ജെ.പി അവഗണിച്ചു'; തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ.പന്നീർശെൽവം എൻ.ഡി.എ സഖ്യം വിട്ടു

ചെന്നൈ: ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യ(എൻ.ഡി.എ)വുമായ ബന്ധം അവസാനിപ്പിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പന്നീർശെൽവം(ഒ.പി.എസ്). കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താൻ താൽപര്യമുണ്ടെന്ന് അറിയിച്ച് ഒ.പന്നീർശെൽവം കത്ത് നൽകിയിരുന്നു. എന്നാൽ കൂടിക്കാഴ്ചക്ക് മോദി തയാറായില്ല.

അതേസമയം തിരുച്ചിയിൽവെച്ച് സഖ്യകക്ഷി നേതാവായ അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമി മോദിയെ സന്ദർശിച്ച് ചർച്ച നടത്തുകയും ചെയ്തു. ഇത് ഒ.പി.എസ് വിഭാഗത്തിൽ കടുത്ത അസംതൃപ്തിയാണ് പടർത്തിയത്. ഈ സാഹചര്യത്തിലാണ് വ്യാഴാഴ്ച ചെന്നൈയിൽ ചേർന്ന ഒ.പി.എസ് വിഭാഗത്തിന്റെ നേതൃയോഗം എൻ.ഡി.എയുമായ ബന്ധം അവസാനിപ്പിക്കാൻ ഒ.പി.എസ് തീരുമാനിച്ചത്.

ഭാവിയിൽ ഏത് മുന്നണിയിൽ ചേരണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അതിന് മുൻപ് ഒ.പന്നീർശെൽവം തമിഴകമൊട്ടുക്കും പര്യടനം നടത്തുമെന്നും നേതാക്കൾ അറിയിച്ചു. ഒ.പി.എസ് വിഭാഗത്തിന്റെ പിൻമാറ്റം ബി.ജെ.പി- അണ്ണാ ഡി.എം.കെ സഖ്യത്തിന് കനത്ത തിരിച്ചടിയാവുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

അതിനിടെ വ്യാഴാഴ്ച രാവിലെ പ്രഭാത നടത്തത്തിനിടെ ഒ.പി.എസും മുഖ്യമന്ത്രി എം.കെ സ്റ്റാലിനും തമ്മിൽ കൂടിക്കാഴ്ച നടത്തുകയും ഹൃസ്വ ചർച്ച നടത്തിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ വിജയ് നയിക്കുന്ന ‘തമിഴക വെട്രി കഴക’വുമായി സഖ്യമുണ്ടാക്കാനാണ് ഒ.പി.എസിന്റെ നീക്കമെന്നും കരുതപ്പെടുന്നു.


Tags:    
News Summary - Former Tamil Nadu CM O Panneerselvam walks out of NDA, decision on alliance later

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.