ഒട്ടാവ: വർഗീയ വിദ്വേഷമുണർത്തുന്ന തരത്തിൽ ട്വീറ്റ് ചെയ്ത ഇന്ത്യക്കാരനെ കാനഡയിലെ സ്വകാര്യ കമ്പനി ജോലിയിൽ നിന്നും നീക്കി. രവി ഹൂഡ എന്ന ഇന്ത്യൻ വംശജനെ കാനഡയിലെ മുൻനിര റിയൽ എസ്റ്റേറ്റ് കമ്പനിയായ റീമാക്സ് ആണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. ഇയാൾ അംഗമായിരുന്ന സ്കൂൾ കൗൺസിൽ ചെയറിൽ നിന്നും നീക്കിയതായി അധികൃതരും അറിയിച്ചു.
കഴിഞ്ഞ ആഴ്ച ടൊറേൻറായിൽ റമദാൻ മാസത്തിൽ നോമ്പുതുറ സമയത്ത് ബാങ്കുവിളിക്കാനുള്ള അനുമതി നൽകിയിരുന്നു. ഇതിനെതിരെ വർഗീയ വിദ്വേഷമുണർത്തുന്ന രീതിയിൽ ഹൂഡ ട്വീറ്റ് ചെയ്തിരുന്നു. ഇത് കാനഡയിൽ വലിയ പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു.
ഇതിനുപിന്നാലെ പീൽ ഡിസ്ട്രിക്ട് സ്കൂൾ ബോർഡ് ഹൂഡയെ കൗൺസിൽ ചെയറിൽ നിന്നും നീക്കിയതായി അറിയിക്കുകയായിരുന്നു. ഇസ്ലാമോഫോബിയ അനുവദിക്കില്ലെന്നും ഇത് തങ്ങളുടെ മൂല്യങ്ങൾക്കെതിരാണെന്നും സ്കൂൾ അറിയിച്ചു.
തുടർന്ന് ഹൂഡയെ ജോലിയിൽ നിന്നും നീക്കം ചെയ്യുന്നതായി അറിയിച്ച് റിയൽ എസ്റ്റേറ്റ് കമ്പനിയായ റീ മാക്സ് ട്വീറ്റ് ചെയ്തു. തങ്ങൾ ഹൂഡയുടെ വീക്ഷണങ്ങളെ പിന്തുണക്കുന്നില്ലെന്നും ജോലിയിൽ നിന്നും പിരിച്ചുവിടുന്നതായും റീമാക്സ് അറിയിക്കുകയായിരുന്നു.
We do not share nor support the views of Mr. Hooda. We can confirm he has been terminated and is no longer affiliated with RE/MAX. Multiculturalism & diversity are some of the best qualities in our communities, and we are committed to upholding these values in all that we do.
— RE/MAX Canada (@REMAXca) May 5, 2020
1984ലെ നിയമനുസരിച്ച് പള്ളിമണികൾ മുഴക്കുന്നതിൽ ഇളവുണ്ട്. ഇതേ രീതിയിൽ മറ്റു വിശ്വാസങ്ങളെക്കൂടി പരിഗണിക്കുക എന്നതിനാലാണ് ബാങ്കുവിളിക്ക് അനുമതി നൽകിയതെന്നും തങ്ങൾ എല്ലാമതങ്ങളെയും തുല്യരീതിയിൽ ബഹുമാനിക്കുന്നുവെന്നും ബ്രാംൻടൺ മേയർ പാട്രിക് ബ്രൗൺ പ്രതികരിച്ചു. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ വർഗീയത പ്രചരിപ്പിച്ചതിന് യു.എ.ഇയിൽ മൂന്ന് ഇന്ത്യക്കാർ കുടുക്കിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.