ന്യൂഡൽഹി: പാർലമെന്റിൽ അദാനി ചർച്ച അനുവദിക്കാതെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യപാദം കഴിഞ്ഞതിനുപിന്നാലെ, അദാനി വിഷയത്തിൽ ബി.ജെ.പിക്ക് ഭയക്കാനും ഒളിക്കാനും ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവകാശപ്പെട്ടു.
അദാനിക്കെതിരെ കോടതിയിൽ പോകാൻ കോൺഗ്രസിനെ വെല്ലുവിളിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി, കോടതിയിൽ പോയാൽ ‘പെഗസസ്’ പോലെ അബദ്ധമായിരിക്കുമെന്നും പറഞ്ഞു. അതോടൊപ്പം, കോടതി തങ്ങളുടെ നിയന്ത്രണത്തിലല്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിനായി പാർലമെന്റ് മാർച്ച് 13വരെ പിരിഞ്ഞതിനുപിന്നാലെ വാർത്ത ഏജൻസിയായ ‘എ.എൻ.ഐ’ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അമിത് ഷായുടെ അവകാശ വാദവും വെല്ലുവിളിയും.
എന്നാൽ, അദാനിയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞതിനെക്കുറിച്ച് ഒന്നും പറയില്ലെന്നും കോടതിയുടെ പരിഗണന വിഷയമാണെന്നും ഷാ പറഞ്ഞു.
‘സുപ്രീംകോടതി സ്വമേധയ കേസെടുത്തിട്ടുണ്ട്. എന്തുകൊണ്ട് കോൺഗ്രസിന് കോടതിയിൽ പോയ്ക്കൂടാ? സമാനമായ ആരോപണമാണ് പെഗസസ് ചാരവൃത്തി വിവാദമുണ്ടായപ്പോഴും കോൺഗ്രസ് ഉന്നയിച്ചത്. തെളിവുമായി കോടതിയിൽ പോകാൻ ഞങ്ങൾ അന്ന് പറഞ്ഞു. കോടതി ഞങ്ങളുടെ നിയന്ത്രണത്തിൽ വെച്ചിരിക്കുകയല്ലല്ലോ’-അദ്ദേഹം തുടർന്നു.
അദാനിയെക്കുറിച്ച് രാഹുൽ ഗാന്ധി പറഞ്ഞതത്രയും സഭാ രേഖകളിൽനിന്ന് നീക്കം ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ, പാർലമെന്റിൽ നടത്തിയ അഭിപ്രായ പ്രകടനങ്ങൾ നീക്കം ചെയ്യുന്നത് ആദ്യമല്ലെന്നായിരുന്നു അമിത് ഷായുടെ മറുപടി. ത്രിപുരയിൽ ബി.ജെ.പിക്ക് സീറ്റുകളും വോട്ടുവിഹിതവും കൂടും. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മതഭ്രാന്തന്മാരുടെ സംഘമാണെന്നും ഭീകരത വ്യാപിപ്പിക്കാനുള്ള അസംസ്കൃത വസ്തുക്കൾ ശേഖരിക്കുകയായിരുന്നുവെന്നും അമിത് ഷാ ആരോപിച്ചു.
ന്യൂഡൽഹി: ഗൗതം അദാനിയും കൂട്ടാളികളും പൊതുഖജനാവിൽനിന്ന് കബളിപ്പിച്ച് ലക്ഷക്കണക്കിന് കോടികൾ തട്ടിയതിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജയ ഠാകുർ സുപ്രീംകോടതിയിൽ. അദാനി എന്റർപ്രൈസസിന്റെ തുടർ ഓഹരി വിൽപനയിൽ (എഫ്.പി.ഒ) ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയും (എൽ.ഐ.സി) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്.ബി.ഐ) 1800 രൂപ വിപണിവിലയുള്ള ഓഹരി 3200 രൂപക്ക് വാങ്ങിയതിനെ കുറിച്ചും സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ജയ ഠാകുർ ആവശ്യപ്പെട്ടു.
ബാങ്ക് വായ്പ കിട്ടാനായി അദാനി കൃത്രിമമായി ഓഹരിവില ഉയർത്തിക്കാണിച്ചതും അധികൃതർ അദാനിക്കെതിരെ നടപടിയെടുക്കാത്തതും വിദേശ നിക്ഷേപകരിൽ വിശ്വാസം നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നും ഠാകുറിന്റെ ഹരജിയിലുണ്ട്.
ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് അദാനിയുടെ ഓഹരികൾക്ക് വിപണിയിലുണ്ടായ തിരിച്ചടിമൂലം നിക്ഷേപകർക്ക് സംരക്ഷണം നൽകാൻ സുപ്രീംകോടതിയും കേന്ദ്ര സർക്കാറും പരസ്പര ധാരണയിൽ നീങ്ങുന്നതിനിടയിലാണ് കോൺഗ്രസ് നേതാവിന്റെ ഹരജി. അദാനിയുടെ ഓഹരിവില ഇടിയാൻ കാരണമായ റിപ്പോർട്ട് പുറത്തുവിട്ട അമേരിക്കൻ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച രണ്ടു ഹരജികൾ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലാണ്.
ന്യൂഡൽഹി: അദാനി വിഷയത്തിൽ വിദഗ്ധ സമിതിയാകാമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ടെങ്കിലും സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി)അന്വേഷണം വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി കോൺഗ്രസ്. സർക്കാറിന്റെ ഇംഗിതത്തിനൊത്ത് പ്രവർത്തിക്കുന്ന സമിതിയല്ല, വിവിധ പാർട്ടികളിലെ പാർലമെന്റ് അംഗങ്ങൾ ഉൾപ്പെട്ട സമിതിക്കാണ് വിഷയം കൂടുതൽ സ്വതന്ത്രവും നീതിപൂർവകവുമായി അന്വേഷിക്കാൻ കഴിയുകയെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് പറഞ്ഞു. ജെ.പി.സി വേണമെന്ന ആവശ്യത്തിൽ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടാണ്.അദാനി വിഷയത്തിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഗവർണർക്കും ഓഹരിവിപണി നിയന്ത്രകരായ സെബിക്കും കത്തയച്ചതായി ജയ്റാം രമേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.