"പ്രൈം മിനിസ്റ്റർ അല്ല, പബ്ലിസിറ്റി മിനിസ്റ്റർ"; നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി ഗോവിന്ദ് സിങ് ദോതസ്ര

ജയ്പൂർ: നരേന്ദ്ര മോദി പ്രധാനമന്ത്രിയേക്കാളുപരി പബ്ലിസിറ്റി മന്ത്രിയാണെന്ന് രാജസ്ഥാൻ കോൺ​ഗ്രസ് അധ്യക്ഷൻ ​ഗോവിന്ദ് സിങ് ദോതസ്ര. ഡെക്കാൻ ഹെറാൾഡിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

"പ്രധാനമന്ത്രിയെന്നതിനേക്കാളുപരി നരേന്ദ്ര മോദി പ്രചാരണ പബ്ലിസിറ്റി മന്ത്രിയാണ്. പ്രധാനമന്ത്രിയായ ദിവസം മുതൽ അദ്ദേഹം സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും അങ്ങനെ എല്ലായിടത്തുമുണ്ട്. അദ്ദേഹം നിരവധി കള്ളങ്ങൾ പറയുന്നു, പൊള്ളയായ വാ​ഗ്ദാനങ്ങൾ നൽകുന്നു. അദ്ദേഹം കോൺ​ഗ്രസിനെ മാത്രം ഉന്നം വെച്ചാണ് സംസാരിക്കുന്നത്. ഇതിനെല്ലാം പുറമെ അഅദ്ദേഹത്തെ ഭാവിയിലേക്കുള്ള വീക്ഷണം എന്താണെന്നോ, ഇതുവരെ പ്രധാനമന്ത്രി പദവിയിൽ താനെന്തൊക്കെ ചെയ്തുവെന്നോ അദ്ദേഹം പ്രസം​ഗിച്ചിട്ടില്ല.

2018ലെ തെരഞ്ഞെടുപ്പ് കാലത്ത് അജ്മീറിലും ജയ്പൂരിലും പ്രചാരണം നടത്തുമ്പോൾ ജലക്ഷാമമുള്ള 13 ജില്ലകളിൽ വെള്ളം നൽകുമെന്ന് കരുതുന്ന ഈസ്റ്റേൺ രാജസ്ഥാൻ കനാൽ പദ്ധതിക്ക് ദേശീയ പദവി നൽകുമെന്ന് അദ്ദേഹം വാ​ഗ്ദാനം ചെയ്തിരുന്നു. അത് നാളിതുവരെ നടപ്പാക്കിയിട്ടില്ല. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് അദ്ദേഹം വാ​ഗ്ദാനം ചെയ്തു. എന്നാൽ സംഭവിച്ചത് മാസങ്ങൾ നീണ്ട കർഷക സമരമായിരുന്നു. അഴിമതി തുടച്ചുനീക്കുന്നതിനെക്കുറിച്ചും അഴിമതിക്കാരെ ജയിലിലടക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സംഭവിക്കുന്നതെന്താണ്? ഇ.ഡി.യേയും സി.ബി.ഐയേയും ഉപയോ​ഗിച്ച് മറ്റ് നേതാക്കളെ പേടിപ്പിച്ച് ബി.ജെ.പിയിലേക്ക് ചേർക്കുകയാണ്. ഇതാണ് മോദിജിയുടെ മാതൃക, ഇനി ആരും അദ്ദേഹത്തിൻ്റെ ഉറപ്പുകളിൽ വിശ്വസിക്കുന്നില്ല", ദോതസ്ര പറഞ്ഞു.

രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ പത്തു ഗ്യാരണ്ടികൾ നൽകിയിരുന്നുവെന്നും അത് സർക്കാർ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഹിമാചലിൽ നൽകിയ അഞ്ച് ഗ്യാരണ്ടികൾ നടപ്പിലാക്കി. കർണാടകയിലും തെലങ്കാനയിലും പോലും ഉറപ്പുകൾ പാലിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജസ്ഥാനിൽ ബി.ജെ.പിയേക്കാൾ കൂടുതൽ സീറ്റ് കോൺ​ഗ്രസ് നേടുമെന്നാണ് വിശ്വാസമെന്നും ദോതസ്ര പറഞ്ഞു.

Tags:    
News Summary - Not Prime Minister, Modi is Publicity minister says Govind singh Dotasra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.