ഹുബ്ബള്ളി: ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയുടെ പരാമർശത്തിന് മറുപടിയുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. മുഖ്യമന്ത്രിയാവാൻ തനിക്ക് തിടുക്കമില്ലെന്ന് ശിവകുമാർ പ്രതികരിച്ചു. കൂട്ടായ നേതൃത്വത്തിന് കീഴിലാണ് ഞങ്ങൾ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
നല്ല ഭരണമാണ് പാർട്ടി കർണാടകയിൽ കാഴ്ചവെക്കുന്നത്. മുഖ്യമന്ത്രിയാവാൻ തനിക്ക് തിടുക്കമില്ല. ആരോടും മുഖ്യമന്ത്രിയാവണമെന്ന് പറഞ്ഞിട്ടില്ല. പാർട്ടി നേതൃത്വത്തോടും താൻ മുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡി.കെ ശിവകുമാർ പറഞ്ഞു. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയോടുള്ള കൂറ് ആവർത്തിച്ച് വ്യക്തമാക്കിയ ഡി.കെ, ഹൈക്കമാൻഡ് നിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും പറഞ്ഞു.
ഹൈക്കമാൻഡ് നിർദേശങ്ങൾ അനുസരിച്ചാണ് കർണാടകയിൽ പ്രവർത്തിക്കുന്നത്. സിദ്ധരാമയ്യയാണ് ഞങ്ങളുടെ നേതാവ്. സിദ്ധരാമയ്യയും ഇത് തന്നെയാണ് പറഞ്ഞതെന്നും ഡി.കെ വ്യക്തമാക്കി.
ഡി.കെ ശിവകുമാറിന് മുഖ്യമന്ത്രിയാകണമെങ്കിൽ ജെ.ഡി.എസിന്റെ മുഴുവൻ എം.എൽ.എമാരും പിന്തുണ നൽകുമെന്ന് പാർട്ടി നേതാവ് എച്ച്.ഡി.കുമാരസ്വാമി പറഞ്ഞിരുന്നു. പരിഹാസരൂപേണയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കോൺഗ്രസ് എം.എൽ.എമാരെ ബി.ജെ.പി നേതതൃത്വം സമീപിച്ചുവെന്ന വാർത്തകൾക്കിടയിലാണ് പ്രതികരണം.
കോൺഗ്രസിന് കർണാടകയിൽ 136 എം.എൽ.എമാരുണ്ട്. സ്വന്തം എം.എൽ.എമാർക്ക് വികസന പ്രവർത്തനങ്ങൾക്ക് പോലും പണം നൽകാൻ കഴിയാത്ത കോൺഗ്രസാണ് ജെ.ഡി.എസ് എം.എൽ.എമാരോട് പാർട്ടിയിൽ ചേരാൻ ആവശ്യപ്പെടുന്നത്. ഡി.കെ ശിവകുമാറിന് മുഖ്യമന്ത്രിയാകണമെങ്കിൽ ജെ.ഡി.എസിന്റെ 19 എം.എൽ.എമാരുടേയും പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
ജെ.ഡി.എസ് എം.എൽ.എമാരോട് കോൺഗ്രസിൽ ചേരാൻ അവർ ആവശ്യപ്പെടുകയാണ്. ജെ.ഡി.എസ് എം.എൽ.എ ജി.ടി ദേവ ഗൗഡയോടും കരേമ്മയോടും കോൺഗ്രസ് പാർട്ടിയിൽ ചേരാൻ ആവശ്യപ്പെട്ടു. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താണ് പാർട്ടിയിൽ ചേരാൻ ആവശ്യപ്പെട്ടതെന്നും കുമാരസ്വാമി ആരോപിച്ചു.
കർണാടകയിൽ രണ്ട് മുഖ്യമന്ത്രിമാരുണ്ട്. ഒരാൾ താൽക്കാലിക മുഖ്യമന്ത്രിയാണ്. മറ്റേയാൾ വ്യാജ മുഖ്യമന്ത്രിയും. മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശവാദമുന്നയിച്ച് നിരവധി പേരാണ് എത്തുന്നത്. ഈ സർക്കാർ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കുമോയെന്ന കാര്യം സംശയമാണെന്നും കുമാരസ്വാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.