ന്യൂഡൽഹി: കൊലപാതകിയോ തീവ്രവാദിയോ അല്ലെന്ന് ചൂണ്ടിക്കാട്ടി മുൻ ഐ.എ.എസ് പ്രബേഷണറി ഓഫിസർ പൂജ ഖേദ്കറിന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ കൃത്രിമം കാണിച്ച കേസിലാണ് ജാമ്യം. ജസ്റ്റിസുമാരായ ബി.വി നാഗരത്ന,സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ച് ഖേദ്കറിനോട് അന്വേഷണത്തിൽ സഹകരിക്കാൻ ആവശ്യപ്പെട്ടു.
പൂജ ഖേദ്കർ എന്ത് കുറ്റകൃത്യമാണ് ചെയ്തതെന്ന് സുപ്രീം കോടതി ചോദിച്ചു. കൊലപാതകിയോ തീവ്രവാദിയോ അല്ല, മറ്റ് കുറ്റകൃത്യങ്ങൾ ഒന്നും തന്നെ ചെയ്തിട്ടില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ ഒരു തരത്തിലും സ്വാധീനിക്കുകയോ രേഖകളിൽ കൃത്രിമം കാണിക്കുകയോ ചെയ്യാൻ പാടില്ലെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. ഖേദ്കറിന് അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകാനുള്ള ഇടക്കാല ഉത്തരവ് സുപ്രീം കോടതി നേരത്തെ നീട്ടിയിരുന്നു.
2022ലെ യു.പി.എസ്.സി പരീക്ഷയുടെ അപേക്ഷയിൽ ഒ.ബി.സി, വികലാംഗ ക്വാട്ട സംവരണ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി തെറ്റായ വിവരങ്ങൾ നൽകിയെന്നാണ് ഖേദ്കറിനെതിരായ ആരോപണം. ഖേദ്കർ കൃത്രിമത്വം കാണിച്ചെന്ന് യു.പി.എസ്.സിയാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.