'വിവാഹ സർട്ടിഫിക്കറ്റ് കിട്ടാഞ്ഞിട്ട് ഇവിടെ ആരും മരിക്കുന്നില്ല'; സ്വവർഗ വിവാഹ വിഷയത്തിൽ അടിയന്തര വാദത്തെ എതിർത്ത് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സ്വവർഗ വിവാഹത്തെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ ഡൽഹി ഹൈക്കോടതി അടിയന്തരമായി പരിഗണിക്കുന്നതിനെ എതിർത്ത് കേന്ദ്ര സർക്കാർ. വിവാഹ സർട്ടിഫിക്കറ്റ് ഇല്ല എന്ന കാരണത്താൽ ഇവിടെ ആരും മരിക്കാൻ പോകുന്നില്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. തുടർന്ന്, ഹരജികളിൽ വാദം കേൾക്കുന്നത് ജൂലൈ ആറിലേക്ക് മാറ്റി.

കോവിഡ് മഹാമാരിയുടെ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ മറ്റ് നിരവധി കാര്യങ്ങൾ അടിയന്തരമായി പരിഗണിക്കാൻ ഉണ്ടെന്ന് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. നിയമ ഉദ്യോഗസ്ഥർ ഉൾപ്പെടെ കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുകയാണ്. അടിയന്തരവും അത്യാവശ്യവുമായ വിഷയങ്ങളിലാണ് സർക്കാർ ഇപ്പോൾ ശ്രദ്ധ ചെലുത്തുന്നത് -കേന്ദ്രം അറിയിച്ചു.

എന്നാൽ ഹരജി പരിഗണിക്കുന്നതിൽ കോടതി തീരുമാനമെടുക്കണമെന്ന് ഹർജിക്കാരുടെ അഭിഭാഷകർ വാദിച്ചു. രാജ്യത്ത് എൽ.ജി.ബി.ടി.ക്യു വിഭാഗത്തിൽപെടുന്ന 70 ദശലക്ഷത്തോളം ജനങ്ങൾ ഉണ്ടെന്നും അഭിഭാഷകർ കോടതിയെ ധരിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനും ചികിത്സ ലഭിക്കുന്നതിന് പോലും ഇവർ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. എന്നാൽ ആശുപത്രി പ്രവേശനത്തിന് വിവാഹ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു.

സ്വവർഗ്ഗ വിവാഹം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മൂന്ന് ഹർജികളാണ് കോടതി പരിഗണിച്ചത്. ഡോക്ടർ കവിത അറോറ, അങ്കിത ഖന്ന എന്നിവരാണ് ഒരു ഹരജി സമർപ്പിച്ചത്. പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള മൗലികാവകാശം ഉയർത്തിപ്പിടിക്കണം എന്ന് ഇവർ ഹർജിയിൽ ആവശ്യപ്പെട്ടു. വിദേശ ഇന്ത്യക്കാരനായ പരാഗ് വിജയ് മേത്ത, ഇന്ത്യക്കാരനായ വൈഭവ് ജെയിൻ എന്നിവരാണ് രണ്ടാമത്തെ ഹർജിക്കാർ. ഇവർ അമേരിക്കയിൽ വച്ച് 2017ൽ വിവാഹിതരായെങ്കിലും ഇന്ത്യയിൽ വിവാഹം രജിസ്റ്റർ ചെയ്യാനുള്ള ശ്രമം നിരസിക്കപ്പെടുകയായിരുന്നു. ഹിന്ദു വിവാഹ നിയമപ്രകാരം സ്വവർഗ്ഗവിവാഹം അനുവദിക്കണമെന്നാവശ്യപ്പെട്ട് അഭിജിത്ത് അയ്യർ എന്നയാളും മറ്റു മൂന്നു പേരും ചേർന്നാണ് മൂന്നാമത്തെ ഹർജി സമർപ്പിച്ചത്.

Tags:    
News Summary - 'Nobody Is Dying Because They Don't Have Marriage Certificates' :Centre Opposes Urgent Hearing Of Plea For Same-Sex Marriage Recognition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.