ന്യൂഡൽഹി: രണ്ടു ദിവസത്തെ ഇന്ത്യ സന്ദർശനത്തിനെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയിൽ പ്രതിരോധ മേഖലയിലെ സഹകരണം കൂടുതൽ വിപുലമാക്കാൻ ധാരണയായി. റഷ്യൻ സൈന്യം ഉപയോഗിക്കുന്ന ആയുധ സാമഗ്രികളും അവയുടെ യന്ത്രഭാഗങ്ങളുമെല്ലാം ഇന്ത്യയിൽ നിർമിക്കുമെന്ന് സംയുക്ത പ്രസ്താവനയിൽ നേതാക്കൾ വ്യക്തമാക്കി.
‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും ആയുധ നിർമാണം. അതേസമയം, പുടിന്റെ സന്ദർശനത്തിൽ പ്രതീക്ഷിക്കപ്പെട്ടിരുന്ന പ്രതിരോധ കരാർ സംബന്ധിച്ച് ചർച്ചയിൽ തീരുമാനമായില്ല. പ്രതിരോധ മേഖലയിൽ നിർമാണ-സാങ്കേതികവിദ്യ രംഗത്ത് യോജിച്ചുള്ള മുന്നോട്ടുപോക്കുണ്ടാകുമെന്ന് സംയുക്ത പ്രസ്താവനയിൽ പറയുന്നു.
വ്യാഴാഴ്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രേ ബില്യൂസോവും തമ്മിൽ നടന്ന ചർച്ചയുടെ തുടർച്ചയിലാണ് ഇരു രാജ്യങ്ങളുടെയും നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്. പ്രസ്തുത ചർച്ചയിൽ റഷ്യയുടെ എസ്-400 മിസൈലുകൾ ഒരു ബാച്ച്കൂടി വേണമെന്ന് ഇന്ത്യ താൽപര്യപ്പെട്ടിരുന്നു.
2018ൽ, 500 കോടി ഡോളറിന് ഇന്ത്യ മിസൈൽ വാങ്ങിയിരുന്നു. ഓപറേഷൻ സിന്ദൂറിൽ ഇത് ഇന്ത്യക്ക് ഉപകാരപ്പെടുകയും ചെയ്തു. ഇതിന്റെ തുടർച്ചയിൽ ആയുധ ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ പ്രഖ്യാപനങ്ങളുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ, സമഗ്രമായൊരു പ്രതിരോധ കരാർ സംബന്ധിച്ച് ഇരു നേതാക്കളും മൗനം പാലിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.