ലിവ് ഇൻ പങ്കാളിയുമായി ബന്ധം പുലർത്താൻ കുറ്റവാളികൾക്ക് പരോൾ അനുവദിക്കാനാവില്ലെന്ന് ഡൽഹി ഹൈകോടതി

ന്യൂഡൽഹി: ലിവ് ഇൻ പങ്കാളികളുമായി ബന്ധം പുലർത്തുന്നതിന് വേണ്ടി മാത്രം കുറ്റവാളികൾക്ക് ഇന്ത്യൻ നിയമം പരോൾ അനുവദിക്കുന്നില്ലെന്ന് ഡൽഹി ഹൈകോടതി. കുറ്റവാളി നിയമപരമായി വിവാഹിതനും ആ ബന്ധത്തിൽ കുട്ടികളുണ്ടാവുകയും ചെയ്യുമ്പോൾ, ഒരു ലിവ് ഇൻ പങ്കാളിക്ക് അവരുടെ കുടുംബം വലുതാക്കാനുള്ള മൗലികാവകാശം അവകാശപ്പെടാൻ കഴിയില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ നിയമവും ഡൽഹിയിലെ ജയിൽ ചട്ടങ്ങളും ദാമ്പത്യ ബന്ധം നിലനിർത്തുന്നതിനായി പരോൾ അനുവദിക്കുന്നില്ല. പ്രത്യേകിച്ച് ലിവ് ഇൻ പങ്കാളികളുമായി. കുറ്റവാളി നിയമപരമായി വിവാഹം കഴിച്ച ഭാര്യ ജീവിച്ചിരിക്കുകയും അവർന്ന് മൂന്ന് കുട്ടികളുണ്ടാവുകയും ചെയ്യുമ്പോൾ, അയാളുടെ ലിവ് ഇൻ പങ്കാളിയിൽ നിന്ന് കുട്ടിയുണ്ടാകാനുള്ള മൗലികാവകാശത്തിന് അർഹതയില്ല.-എന്നാണ് ജസ്റ്റിസ് സ്വരണ കാന്ത ശർമ 27 പേജുള്ള വിധിന്യായത്തിൽ പ്രസ്താവിച്ചത്.

കുറ്റവാളി വിവാഹിതനായി കുട്ടികളുള്ള ആളാകുമ്പോൾ, മാതാപിതാക്കളുടെ രക്ഷാകർതൃത്വത്തിനോ ലിവ്-ഇൻ പങ്കാളിയുമായുള്ള ദാമ്പത്യ ബന്ധത്തിനോ പരോൾ അനുവദിക്കുന്നത് നിയമ തത്വങ്ങൾക്ക് വിരുദ്ധമായ

മാതൃക സ്ഥാപിക്കുമെന്നും കോടതി കൂട്ടിച്ചേർത്തു. ഡൽഹിയിലെ നിയമങ്ങളിലും ജയിൽ ചട്ടങ്ങളിലും നിയമപരമായി വിവാഹം കഴിച്ച ഭാര്യ​/ഭർത്താവ് എന്നിവരെ മാത്രമേ ഇണ എന്ന നിർവചനത്തിൽ ഉൾപ്പെടുത്തുകയുള്ളൂ. ലിവ് ഇൻ പങ്കാളി ആ നിർവചനത്തിനുള്ളിൽ വരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാര്യയുമായുള്ള വിവാഹ ബന്ധം പൂർത്തിയാക്കാത്തതിനാൽ പരോൾ ആവശ്യപ്പെട്ട പ്രതിയുടെ ഹരജിയിലാണ് ഡൽഹി ഹൈകോടതിയുടെ വിധി.

പ്രതിയുടെ കൂടെയുള്ളത് നിയമപരമായി വിവാഹം കഴിച്ച ഭാര്യയല്ലെന്നും ലിവ് ഇൻ പങ്കാളിയാണെന്നും ഡൽഹി പൊലീസിനെ പ്രതിനിധീകരിച്ചെത്തിയ അഡീഷനൽ സ്റ്റാന്റിങ് കൗൺസൽ അൻമോൽ സിൻഹ കോടതിയിൽ വാദിച്ചു. തുടർന്ന് പ്രതിയുടെ വൈവാഹിക ബന്ധത്തെയും കുട്ടികളെയും കുറിച്ചുള്ള വിവരങ്ങൾ അപൂർണമാണെന്ന് ചൂണ്ടിക്കാട്ടി കോടതി ഹരജി തള്ളുകയായിരുന്നു.

Tags:    
News Summary - No parole for maintaining relationships with live-in partners: Delhi high court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.