അതിഷി

രക്ത സമ്മർദ്ദവും പ്രമേഹവും താഴുന്നു; ജല സത്യഗ്രഹ സമരം കടുപ്പിച്ച് ഡൽഹി മന്ത്രി അതിഷി ​

ന്യൂഡൽഹി: ആരോഗ്യ നിലയിൽ ആശങ്ക ഉയർത്തിക്കൊണ്ട് ജല പ്രതിസന്ധിയിൽ ഡൽഹി ജലവിഭവ മന്ത്രി അതിഷിയുടെ നിരാഹാര സമരം നാലാം ദിവസത്തിലേക്കു കടന്നു. തന്റെ ശരീരത്തിനെന്തു സംഭവിക്കുമെന്നുള്ളത് വിഷയമല്ലെന്നും അയൽ സംസ്ഥാനമായ ഹരിയാന ഡൽഹിക്ക് അർഹിക്കുന്ന വെള്ളം നൽകുന്നതുവരെ ഉപവാഹ സമരം തുടരുമെന്നും അവർ പ്രതികരിച്ചു. എന്റെ രക്തസമ്മർദ്ദവും പഞ്ചസാരയുടെ അളവും കുറഞ്ഞുവരികയാണ്. ശരീര ഭാരവും കുറഞ്ഞു. കെറ്റോണിന്റെ അളവ് വളരെ ഉയർന്നിട്ടുണ്ട്. ഇത് ദീർഘകാലാടിസ്ഥാനത്തിൽ ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കും. എന്നാൽ, എന്റെ ശരീരം എത്ര കഷ്ടപ്പെട്ടാലും ഹരിയാനയിൽനിന്ന് വെള്ളം പുറത്തുവിടുന്നത് വരെ ഞാൻ ഉപവാസം തുടരും - അതിഷി പറഞ്ഞു. ഞായറാഴ്ച ഡോക്ടർമാർ വന്ന് തന്നെ പരിശോധിച്ചതായും വിഡിയോ സന്ദേശത്തിൽ അവർ അറിയിച്ചു.

ഹരിയാന സർക്കാർ കഴിഞ്ഞ മൂന്നാഴ്ചയായി യമുനയിൽനിന്നുള്ള 100 മില്യൻ ഗാലൻ വെള്ളം പ്രതിദിനം വെട്ടിക്കുറച്ചതായി മന്ത്രി ആരോപിച്ചു. ഇത്രയും വലിയ അളവ് വെള്ളത്തിന്റെ അപര്യാപ്തമൂലം ഡൽഹിയിലെ 28 ലക്ഷത്തോളം വരുന്ന ജനങ്ങൾ ദുരിതത്തിലായിരിക്കുകയാണ്. ഡൽഹിയിലേക്ക് വെള്ളമെത്തുന്ന യമുന നദിയിലെ ബാരേജിന്റെ എല്ലാ ഷട്ടറുകളും ഹരിയാന സർക്കാർ അടച്ചു. ഇതോടെ വരും ദിവസങ്ങളിൽ ജലക്ഷാമം കൂടുതൽ രൂക്ഷമാകും. ബാരേജിൽ ആവശ്യത്തിനു വെള്ളമുണ്ട്. എന്നിട്ടും ഡൽഹിയിലേക്കു തുറക്കേണ്ട ഷട്ടറുകൾ അടച്ചിരിക്കുകയാണ്. ഷട്ടറുകൾ തുറന്ന് ജനങ്ങൾക്ക് വെള്ളം നൽകണമെന്ന് ഹരിയാന സർക്കാരിനോട്  അപേക്ഷിക്കുന്നു. പരിഹാരമുണ്ടാകുന്നതുവരെ ജലസത്യഗ്രഹം തുടരും- അതിഷി പറഞ്ഞു.

അതിനിടെ, ഡൽഹി നഗരത്തിന് അധിക വെള്ളം നൽകാനാകുമോ എന്ന് പരിശോധിക്കാമെന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി ഉറപ്പ് നൽകിയതായി ഞായറാഴ്ച ആപ് പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേന അറിയിച്ചു.

Tags:    
News Summary - No matter how much my body suffers, will continue hunger strike until Haryana releases rightful share of Delhi's water: Atishi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.