അസാധാരണ ഹെയർസ്റ്റൈലോ മേക്കപ്പോ നീണ്ട നഖങ്ങളോ വേണ്ട, ഹരിയാനയിൽ ആരോഗ്യ പ്രവർത്തകർക്ക് ഡ്രസ് കോഡ്

ചണ്ഡീഗഡ്: ഹരിയാനയിൽ സർക്കാർ ആശുപത്രി ജീവനക്കാർക്ക് പുതിയ ഡ്രസ് കോഡ്. ഹെയർ സ്റെറലിൽ പരിഷ്കാരം വേണ്ട. വലിയ ആഭരണങ്ങൾ, മേക്കപ്പ്, നഖം നീട്ടി വളർത്തുക എന്നിവ അനുവദനീയമല്ലെന്നും പുതിയ ഡ്രസ് കോഡിൽ പറയുന്നു.

അച്ചടക്കം പാലിക്കാനും സർക്കാർ ആരോഗ്യ ജീവനക്കാർക്കിടയിൽ ഏകതയും തുല്യതയും വരുത്താനുമാണ് ഡ്രസ് കോഡ് നയം നടപ്പാക്കുന്നതെന്ന് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ് വ്യക്തമാക്കി. കൃത്യമായി പാലിക്കുന്ന ഡ്രസ് കോഡ് ആശുപത്രി ജീവനക്കാരിൽ പ്രഫഷണൽ ലുക്ക് ​​കൊണ്ടുവരുമെന്ന് മാത്രമല്ല, പൊതുജനങ്ങൾക്കിടയിൽ സ്ഥാപനത്തിന് മതിപ്പും വർധിപ്പിക്കും - അനിൽ വിജ് പറഞ്ഞു.

ക്ലിനിക്കൽ, ശുചീകരണ തൊഴിലാളികൾ, സുരക്ഷാ ജീവനക്കാർ, ഡ്രൈവർമാർ, ടെക്നിക്കൽ വിഭാഗം, അടുക്കള ജീവനക്കാർ, മറ്റ് ഫീൽഡ് ജീവനക്കാർ ഉൾപ്പെടെ എല്ലാ ജീവനക്കാരും ജോലി സമയത്ത് കൃത്യമായ യൂനിഫോം പാലിച്ചിരിക്കണം. പരിഷ്കാരമുള്ള ഹെയർ സ്റ്റൈലുകൾ, ആഭരണങ്ങൾ, മേക്കപ്പ്, നീണ്ട നഖങ്ങൾ എന്നിവ ജോലി സമയത്ത് അനുവദനീയമല്ല. പ്രത്യേകിച്ചും ആരോഗ്യ കേന്ദ്രങ്ങളിൽ - മന്ത്രി കൂട്ടിച്ചേർത്തു.

കറുത്ത പാന്റും വെള്ള ഷർട്ടും ഷർട്ടിൽ നെയിം ടാഗുമാണ് നഴ്സിങ് വിഭാഗത്തിലൊഴികെയുള്ള ട്രെയിനികളുടെ യൂനിഫോം. പുരുഷൻമാരുടെ മുടി കോളർ ഇറങ്ങരുത്. രോഗീ പരിചരണത്തിന് തടസമാകരുത്. അസാധാരണമായ ഹെയർ സ്​റ്റൈലുകൾ അനുവദനീയമല്ല. നഖങ്ങൾ വെട്ടി വൃത്തിയായി സൂക്ഷിക്കണം.

ഡെനിം വസ്ത്രങ്ങൾ പ്രഫഷണലല്ലാത്തതിനാൽ അനുവദനീയമല്ല. ടി ഷർട്ട്, സ്ട്രെച്ച് പാന്റ്, ഫിറ്റിങ് പാന്റ്, ലെതർ പാന്റ്, കാപ്രിസ്, സ്വെറ്റ് പാൻറ്, ടാങ്ക് ടോപ്പ്സ്, ക്രോപ് ടോപ്പ്, ഓഫ്ഷോൾഡർ, സ്‍ലിപ്പറുകൾ എന്നിവ അനുവദിക്കില്ല. കറുത്ത പാദരക്ഷകൾ ഉപയോഗിക്കണം. അവ വൃത്തിയായി സൂക്ഷിക്കുകയും അസാധാരണ ഡിസൈനുകൾ ഇല്ലാത്തവയുമായിരിക്കണം. ​രാത്രിയോ പകലോ വാരാന്ത്യമോ വ്യത്യാസമില്ലാതെ ഡ്രസ് കോഡ് പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്വകാര്യ ആശുപത്രികളിൽ എല്ലാ ജീവനക്കാരും യൂനിഫോമിലായിരിക്കും. സർക്കാർ ആശുപത്രികളിൽ രോഗികളെയും ജീവനക്കാരെയും തിരിച്ചറിയാൻ പോലും പ്രയാസമാണെന്നും അദ്ദേഹം വ്യക്തമാക്കി.  

Tags:    
News Summary - No Funky Hairstyles, Makeup, Long Nails: Dress Code In Haryana Government Hospitals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.