പ്രതീകാത്മക ചിത്രം

ഹെൽമെറ്റില്ലെങ്കിൽ ഇന്ധനം ലഭിക്കില്ല; പുതിയ ക്യാമ്പയിന് തുടക്കംകുറിച്ച് ഈ സംസ്ഥാനം

ലഖ്‌നൗ: ഹെൽമെറ്റ് ഇല്ലേ? എങ്കിൽ ഇനിമുതൽ ഇന്ധനം ലഭിക്കില്ല. വിപ്ലവകരമായ പുതിയ ക്യാമ്പയിന് തുടക്കംകുറിച്ച് ഉത്തർപ്രദേശ് സർക്കാർ. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായും ഇരുചക്രവാഹന ഉപഭോക്താക്കളിൽ ഹെൽമെറ്റ് ധരിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതും ലക്ഷ്യം വെച്ചാണ് പുതിയ ക്യാമ്പയിൻ നടപ്പിലാക്കുന്നത്. ഉത്തർപ്രദേശ് നിയമസഭ പാസാക്കിയ പുതിയ ക്യാമ്പയിന്റെ കാലാവധി സെപ്റ്റംബർ ഒന്നുമുതൽ സെപ്റ്റംബർ 30 വരെയാണ്.

ശരിയായ രീതിയിൽ ഹെൽമെറ്റ് ധരിച്ച് ഇന്ധനം നിറക്കാൻ വരുന്നവർക്ക് മാത്രമേ പുതിയ ക്യാമ്പയിൻ അടിസ്ഥാമാക്കി ഇന്ധനം നൽകുകയൊള്ളു എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. നിയമലംഘനം നടത്തിയ ആളുകളെ ശിക്ഷിക്കുക എന്നതല്ല ഈ ക്യാമ്പയിന്റെ ഉദ്ദേശം, മറിച്ച് ഇരുചക്രവാഹനം ഓടിക്കുന്നവർക്കിടയിൽ ശരിയായി ഡ്രൈവിങ് അച്ചടക്കവും സുരക്ഷയെക്കുറിച്ചുള്ള അവബോധവും വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റോഡപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ എല്ലാത്തരം വാഹനം ഓടിക്കുന്നവരും അമിത വേഗത നിയന്ത്രിച്ച് റോഡുകളെ ഒരു മത്സര ഇടമായി കാണാതെ വാഹനം ഓടിക്കണം. നല്ല റോഡ് സംസ്കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ക്യാമ്പയിന് തുടക്കം കുറിക്കുന്നത്. മാന്യ വാഹന ഉപയോക്താക്കൾ സഹകരിക്കണമെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ ബ്രജേഷ് പതക് പറഞ്ഞു.

ജില്ലാ മജിസ്‌ട്രേറ്റുകളുടെ നേതൃത്വത്തിൽ ജില്ലാ റോഡ് സുരക്ഷാ സമിതികളുമായി സഹകരിച്ച് സംസ്ഥാനവ്യാപകമായി ഈ ക്യാമ്പയിൻ പ്രചാരണം നടത്തുമെന്നും ഇന്ധന സ്റ്റേഷനുകളിലെ ഏകോപനത്തിനും നിരീക്ഷണത്തിനുമായി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ്, ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവരുടെ സഹായം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023ൽ ഉത്തർപ്രദേശിൽ മാത്രമായി 44,534 റോഡപകടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2022ൽ ഇത് 41,746 ആയിരുന്നുവെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. 

Tags:    
News Summary - No fuel available without helmet; This state launches new campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.