സൂരജ് രേവണ്ണ
ബംഗളൂരു: ജെ.ഡി (എസ്) നേതാവും മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പേരക്കുട്ടിയുമായ സൂരജ് രേവണ്ണ എം.എൽ.സിക്കെതിരെ(നിയമസഭാംഗം) ചുമത്തിയ, ബലപ്രയോഗത്തിലൂടെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിയെന്ന കേസിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് (സി.ഐ.ഡി) അന്വേഷണം അവസാനിപ്പിച്ചു. അശ്ലീല വിഡിയോകൾ പ്രചരിപ്പിച്ചതിനും ലൈംഗികാതിക്രമ കേസിലും ജയിലിലായ മുൻ ജെ.ഡി.എസ് എം.പി പ്രജ്വല്‍ രേവണ്ണയുടെ സഹോദരനാണ് സൂരജ് രേവണ്ണ.
തെളിവുകളുടെ അഭാവം മൂലമാണ് അന്വേഷണ ഉദ്യോഗസ്ഥർ കേസ് അവസാനിപ്പിച്ചതെന്ന് സി.ഐ.ഡി അറിയിച്ചു. ഹോളനരസിപുര റൂറൽ പൊലീസ് സ്റ്റേഷനിലാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. ഐ.പി.സി സെക്ഷൻ 377 (പ്രകൃതിവിരുദ്ധ ലൈംഗികത), 342 (തെറ്റായ തടങ്കലിൽ വെക്കൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം ജൂൺ 23ന് സി.ഇ.എൻ പൊലീസ് സൂരജ് രേവണ്ണയെ അറസ്റ്റ് ചെയ്ത് ജയിലിലയച്ചിരുന്നു. ജൂലൈ 22ന് ബംഗളൂരു സെൻട്രൽ ജയിലിൽനിന്ന് സൂരജ് രേവണ്ണ ജാമ്യത്തിൽ പുറത്തിറങ്ങി.
സൂരജ് രേവണ്ണയുടെ മൂത്ത സഹോദരനും മുൻ ജെ.ഡി (എസ്) എം.പിയുമായ പ്രജ്വൽ രേവണ്ണയെ ലൈംഗിക വിഡിയോ കേസിലും ലൈംഗികാതിക്രമ കേസിലും അറസ്റ്റ് ചെയ്തിരുന്നു. പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമത്തിന് ഇരയായ ഒരാളുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകല്‍ കേസില്‍ അദ്ദേഹത്തിന്റെ മാതാവ് ഭവാനി രേവണ്ണയും അന്വേഷണം നേരിടുന്നു.
ജെ.ഡി (എസ്) പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ചതിന് സൂരജ് രേവണ്ണ മറ്റൊരു കേസ് നേരിടുന്നുണ്ട്. കഴിഞ്ഞ ജൂൺ 25ന് ജെ.ഡി (എസ്) പ്രവർത്തകൻ ഹോളനരസിപുര റൂറൽ പൊലീസ് സ്റ്റേഷനിൽ സൂരജ് രേവണ്ണക്കെതിരെ ലൈംഗികാതിക്രമത്തിന് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.