പിൻവലിച്ച 2000 രൂപ നോട്ടുകൾ
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) രണ്ട് വർഷം മുൻപ് പിൻവലിച്ച 2000 രൂപ നോട്ടുകൾ ഇപ്പോഴും പ്രചാരത്തിലുണ്ടെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ. 6266 കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് നിലവിൽ പ്രചാരത്തിലുള്ളത്. 2023 മേയ് 19നാണ് ആർ.ബി.ഐ 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചതായി പ്രഖ്യാപിച്ചത്.
ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിൽ 2023 മേയ് 19ന് 3.56 ലക്ഷം കോടി രൂപയായിരുന്നു 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം. എന്നാൽ പിൻവലിക്കൽ പ്രഖ്യാപിച്ചു കഴിഞ്ഞ ശേഷം 2025 ഏപ്രിൽ 30തിലെ കണക്കുകൾ പ്രകാരം 6,266 കോടി രൂപയായി കുറഞ്ഞുവെന്ന് ആർ.ബി.ഐ അറിയിച്ചു. ഇതോടെ 2023 മെയ് 19വരെ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപയുടെ നോട്ടുകളുടെ 98.24 ശതമാനവും തിരിച്ചെത്തിയതായും ആർ.ബി.ഐ പറഞ്ഞു.
പിൻവലിക്കൽ പ്രഖ്യാപിച്ചതിന് ശേഷവും 2023 ഒക്ടോബർ 7 വരെ എല്ലാ ബാങ്ക് ശാഖകളിൽ നിന്നും നോട്ടുകൾ മാറ്റിയെടുക്കാനും നിക്ഷേപിക്കാനുമുള്ള സൗകര്യം ഉണ്ടായിരുന്നു. നിലവിൽ റിസർവ് ബാങ്കിന്റെ 19 ഇഷ്യൂ ഓഫീസുകളിൽ ഈ സൗകര്യം ഇപ്പോഴും ലഭ്യമാണ്. കൂടാതെ ആളുകൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനായി രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിൽ നിന്നും ഇന്ത്യ പോസ്റ്റ് വഴി 2000 രൂപ നോട്ടുകൾ ആർ.ബി.ഐ ഇഷ്യൂ ചെയ്യുന്ന ഓഫീസുകളിലേക്ക് അയക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.