ലക്നോ: യു.പി പൊലീസ് പ്രതികളുടെ കാലിൽ വെടിവെക്കുന്ന രീതിക്കെതിരെ അലഹബാദ് ഹൈകോടതിയുടെ രൂക്ഷ വിമർശനം. പ്രതികളെ ശിക്ഷിക്കാനുള്ള അധികാരം പൊലീസിനില്ലെന്നും ശിക്ഷാവിധികള്‍ കോടതികളുടെ അധികാരപരിധിയിലാണെന്നും ഹൈകോടതി പറഞ്ഞു. ഈ സംഭവത്തിൽ വിശദീകരണം തേടുകയും ചെയ്തു. പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റ മൂന്ന് പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് അരുണ്‍കുമാര്‍ സിങ് ദേശ്വാള്‍ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
ഇന്നലെ പുറപ്പെടുവിച്ച ഒരു സുപ്രധാന ഉത്തരവിൽ, അലഹബാദ് ഹൈകോടതി ഉത്തർപ്രദേശിലെ ‘പൊലീസ് ഏറ്റുമുട്ടൽ സംസ്കാര’ത്തിന്മേൽ നിയന്ത്രണം ഏർപ്പെടുത്തി. ഏറ്റുമുട്ടൽ നടന്ന ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥർക്ക് തൽക്ഷണ സ്ഥാനക്കയറ്റങ്ങളോ ധീരതാ അവാർഡുകളോ നൽകുന്നത് നിരോധിച്ചുകൊണ്ട് ചില കർശന മാർഗ നിർദേശങ്ങളും പുറപ്പെടുവിച്ചു.
11 പേജുള്ള ഉത്തരവിൽ, ഏറ്റുമുട്ടൽ സംഭവത്തെക്കുറിച്ച് പ്രത്യേക എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതും പരിക്കേറ്റ ഇരക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കേണ്ടതും കോടതി നിർബന്ധമാക്കി. ഒരു മജിസ്‌ട്രേറ്റോ മെഡിക്കൽ ഓഫിസറോ പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തുന്നതും നിർബന്ധമാക്കി.
മേലുദ്യോഗസ്ഥരെ പ്രീതിപ്പെടുത്താനോ പ്രതികളെ പാഠം പഠിപ്പിക്കുന്നതിനോ വേണ്ടിയുള്ള നടപടിയായാണ് സംസ്ഥാന പൊലീസ് ഇതിനെ കാണുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ശിക്ഷാവിധികള്‍ കോടതിയുടെ അധികാരപരിധിയില്‍ ആയതിനാല്‍ യു.പി പൊലീസിന്റെ ഇത്തരം നടപടികള്‍ അനുവദിക്കാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യ നിയമവാഴ്ചയാണ് ഭരിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ എക്‌സിക്യൂട്ടിവ്, ലെജിസ്ലേച്ചര്‍, ജുഡീഷ്യറി എന്നിവക്ക് നേരത്തെ നിര്‍വചിക്കപ്പെട്ട വ്യക്തമായ ഓരോ റോളുകളുണ്ടെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.