ന്യൂഡൽഹി: പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗീകരിച്ചതാണെന്നും ആ സ്ഥാനത്തുനിന്നും അദ്ദേഹത്തെ മാറ്റില്ലെന്നും സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ ബേബി. കേരളത്തിലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സ്ഥാനചലനമുണ്ടാകില്ലെന്ന് സൂചിപ്പിച്ച് നേതാക്കൻമാരെ മാറ്റുകയല്ല, മറിച്ച് അവരുടെ പ്രവർത്തന ശൈലിയിൽ അപകാതകളുണ്ടെങ്കിൽ അത് മാറ്റുകയെന്നതാണ് സി.പി.എമ്മിന്റെ രീതിയെന്നും എം.എ ബേബി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം കേരളത്തിൽ സി.പി.എമ്മിനേറ്റ തിരിച്ചടി പാർട്ടി കേന്ദ്ര കമ്മമിറ്റി ഗൗരവമായിട്ടാണ് കാണുന്നതെന്നും പരാജയ കാരണങ്ങൾ വിലയിരുത്താൻ പോളിറ്റ് ബ്യൂറോ പ്രതിനിധികൾ കേരളത്തിലെത്തുമെന്നും ജൂലൈയിൽ പ്രത്യേക കേന്ദ്രകമ്മിറ്റി ചേർന്ന് വിശദമായ അവലോകനം നടത്തുമെന്നും എം.എ ബേബി കൂട്ടിച്ചേർത്തു.
അഞ്ച് നിയമസഭകളിലെ തെരഞ്ഞെടുപ്പുഫലങ്ങൾ വിലയിരുത്തിയ സി.പി.എം കേന്ദ്ര കമ്മിറ്റിക്ക് ശേഷം ന്യൂഡൽഹി എ.കെ.ജി ഭവനിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് പിണറായിയുടെയും ഗോവിന്ദന്റെയും സ്ഥാനമാറ്റത്തിനായി വിവിധ കമ്മിറ്റികളിൽ ആവശ്യങ്ങളുയരുന്നുവെന്ന വാർത്തകളോട് എം.എ ബേബി പ്രതികരിച്ചത്. പാർട്ടി ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് താൻ മാറണമെന്ന ആവശ്യമുയർന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വരെ വന്നുവെന്നും നേതൃമാറ്റത്തിനായി പാർട്ടിയിൽ ആവശ്യമുയരുന്നുവെന്ന നിലക്ക് വരുന്ന വാർത്തകൾ പലതും ശരിയല്ലെന്നും ബേബി പറഞ്ഞു.
പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ തീരുമാനം പോളിറ്റ് ബ്യൂറോ അംഗീകരിച്ചു കഴിഞ്ഞതാണ്. പിണറായിയുടെ കാര്യത്തിൽ സി.പി.എം പോളിറ്റ് ബ്യൂറോയിൽ ഭിന്നാഭിപ്രായമുണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോൾ പി.ബി. അംഗീകരിച്ചുകഴിഞ്ഞാൽ തീരുമാനം ഏകകണ്ഠമായിരുന്നോ അല്ലേ എന്ന ചോദ്യം പ്രസക്തല്ല എന്നായിരുന്നു ബേബിയുടെ മറുപടി.
കേരളത്തിലെ പരാജയം ഗൗരവമേറിയതാണ്. സി.പി.എമ്മിനും ഇടതുമുന്നണിക്കും കേരളത്തിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്. പാർട്ടിയുടെ വിവിധ തലങ്ങളിൽ നിന്ന് പരാജയ കാരണങ്ങൾ സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി അഭിപ്രായങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ജൂൺ അഞ്ച് മുതൽ എട്ടു വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സെക്രട്ടേറിയേറ്റും സംസ്ഥാന കമ്മിറ്റിയും ഈ അഭിപ്രായങ്ങളെല്ലാം ചർച്ച ചെയ്യും. പാർട്ടിയുടെ ദൗർബല്യങ്ങൾ കണ്ടെത്തി പാർട്ടിയെ മുഴുവൻ വിശ്വാസത്തിലെടുത്ത് തിരുത്തൽ നടപടികൾ കൈകൊള്ളുമെന്നും ബേബി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.