ബംഗളൂരു: കർണാടകയിൽ റൗഡിയുടെ പിറന്നാൾ ആഘോഷത്തിൽ ബി.ജെ.പി എം.എൽ.എ പങ്കെടുത്തത് വിവാദത്തിൽ. യെലഹങ്ക മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എ എസ്.ആർ. വിശ്വനാഥ് ആണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ‘കിങ് മേക്കർ ദാസ്’ എന്നറിയപ്പെടുന്ന ദാസിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സംഭവം വിവാദമായി.
ബംഗളൂരുവിലെ യെലഹങ്ക മണ്ഡലത്തിലെ ആലൂരിൽ സംഘടിപ്പിച്ച ആഘോഷത്തിലാണ് എം.എൽ.എ പങ്കെടുത്തത്. എം.എൽ.എ കേക്ക് മുറിച്ച് ദാസിന് പിറന്നാൾ ആശംസകൾ നേർന്നതും വലിയ മാല അണിയിച്ച് ആദരിച്ചതുമായ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. കൂടാതെ ഒരു വലിയ മാലക്കുള്ളിൽ എം.എൽ.എയും റൗഡിയും ഉൾപ്പെടെ നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. ആഘോഷത്തിൽ ബി.ജെ.പിയുടെ മറ്റ് പ്രാദേശിക നേതാക്കളും പങ്കെടുത്തിരുന്നു. പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും ദാസ് തന്നെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെക്കുകയായിരുന്നു.
ദാസ് യെലഹങ്ക ചിക്കജാല പൊലീസ് സ്റ്റേഷനിലെ സ്ഥിരം കുറ്റവാളിയായ റൗഡി ഷീറ്ററാണ്. യെലഹങ്ക, നെലമംഗല, ദാസരഹള്ളി മേഖലകളിൽ ഭൂമി കയ്യേറ്റം ഉൾപ്പെടെ വിവിധ കേസുകളിൽ ഇയാൾ പ്രതിയാണെന്നാണ് വിവരം.
സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ബംഗളൂരു പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പരിപാടിയെക്കുറിച്ചും അതിൽ പങ്കെടുത്തവരുടെ വിവരങ്ങളും പരിശോധിച്ചു വരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രത്യേക കേസൊന്നും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല.
കഴിഞ്ഞ വർഷം ഇതേ റൗഡി ഷീറ്ററുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത ഒരു പൊലീസ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്ത സംഭവം വലിയ വിവാദമായിരുന്നു. അതേ റൗഡിയുടെ പിറന്നാൾ ആഘോഷ ചടങ്ങിൽ ഒരു ജനപ്രതിനിധി പങ്കെടുത്തത് പുതിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചു. മറ്റു പാർട്ടികൾ സംഭവത്തിൽ ബി.ജെ.പിയോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.