നടപടി നീതിയുക്തമായിരിക്കണം; അസമിൽ 27 പേരെ വിദേശികളായി മുദ്രകുത്തിയ വിധി സുപ്രീം കോടതി റദ്ദാക്കി, ട്രൈബ്യൂണൽ പുനഃപരിശോധന നടത്തണം

ന്യൂഡൽഹി: പൗരത്വം നൽകുന്നതും ഒരാളെ വിദേശിയായി പ്രഖ്യാപിക്കുന്നതുമായ നടപടികൾ തീർത്തും നീതിയുക്തമായിരിക്കണമെന്ന് സുപ്രീം കോടതി. അസമിലെ ട്രൈബ്യൂണൽ 'വിദേശികൾ' എന്ന് മുദ്രകുത്തിയ 27 പേരുടെ പൗരത്വവുമായി ബന്ധപ്പെട്ട സുപ്രധാനമായ വിധിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വം റദ്ദാക്കിയ ഗുവാഹത്തി ഹൈക്കോടതിയുടെയും ട്രൈബ്യൂണലുകളുടെയും ഉത്തരവുകൾ സുപ്രീം കോടതി റദ്ദാക്കി. വിധി പുനഃപരിശോധിക്കണമെന്നും ഇവരുടെ രേഖകൾ വീണ്ടും പരിഗണിക്കണമെന്നും കോടതി ട്രൈബ്യൂണലിന് നിർദേശം നൽകി. ട്രൈബ്യൂണൽ വീണ്ടും വാദം കേൾക്കുന്നത് വരെ 'വിദേശികൾ' എന്ന് മുദ്രകുത്തപ്പെട്ട 27 പേർക്കെതിരെ യാതൊരു വിധത്തിലുള്ള നിർബന്ധിത നടപടികളും സ്വീകരിക്കാൻ പാടില്ലെന്നും കർശനമായി നിർദ്ദേശിച്ചു.

"പൗരത്വവും വിദേശി പദവിയും ഭരണഘടനാപരവും നിയമപരവുമായ ഏറെ പ്രാധാന്യമുള്ള വിഷയങ്ങളാണ്," കോടതി നിരീക്ഷിച്ചു.

നിയമവിരുദ്ധമായി പൗരത്വം നേടാൻ ശ്രമിക്കുന്നവരെ തടയാനുള്ള സർക്കാർ നീക്കത്തെ കോടതി അംഗീകരിച്ചു. "നിയമപരമായി അർഹതയില്ലാത്തവർ തെറ്റായ അവകാശവാദങ്ങളിലൂടെയോ നടപടിക്രമങ്ങളിലെ പഴുതുകളിലൂടെയോ ഇന്ത്യൻ പൗരത്വം കൈക്കലാക്കുന്നത് തടയാൻ സർക്കാരിന് അർഹവും നിർബന്ധിതവുമായ താൽപര്യമുണ്ട്," കോടതി ചൂണ്ടിക്കാട്ടി. എങ്കിലും, ഈ താൽപര്യം നീതിന്യായത്തെ മറികടത്തരുതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഈ 27 പേരിൽ സാവിത്രി ദേ, അജ്ബഹർ അലി, മുഹമ്മദ് അക്ബർ അലി, അബിദ ഖാതൂൺ, അൻവാര ഖാതൂൺ എന്നിവർ വോട്ടർ പട്ടികയിലെ അക്ഷരപ്പിശകുകൾ, ചെറിയ പേരിലെ വ്യത്യാസങ്ങൾ തുടങ്ങിയ സാങ്കേതിക കാരണങ്ങളുടെ പേരിൽ തങ്ങളെ വിദേശികളായി പ്രഖ്യാപിച്ചുവെന്ന് ആരോപിച്ചാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹർജിക്കാരുടെ പൗരത്വം സ്ഥിരീകരിക്കുന്നതിനായി തെളിവുകൾ തങ്ങൾ പരിശോധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

പൗരത്വ പട്ടികയിൽ നിന്ന് പുറത്താക്കിയ ഫോറിനേഴ്സ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ ഹർജിക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഗുവാഹത്തി ഹൈക്കോടതി ട്രൈബ്യൂണൽ വിധി ശരിവെച്ചു. ഇതോടെയാണ് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

1971ന് മുമ്പുള്ള രേഖകൾ, വോട്ടർ പട്ടികകൾ, ഭൂമി സംബന്ധമായ രേഖകൾ തുടങ്ങിയ ചരിത്രപരമായ വംശാവലി തെളിവുകൾ ഹാജരാക്കി തങ്ങളുടെ ഇന്ത്യൻ പൗരത്വം തെളിയിക്കാനാണ് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

ജൂണിൽ ട്രൈബ്യൂണലുകൾ 'വിദേശികൾ' എന്ന് പ്രഖ്യാപിച്ച അഞ്ച് സ്ത്രീകളെ നാടുകടത്തുന്നത് സുപ്രീം കോടതി തടഞ്ഞിരുന്നു.

ആവശ്യമായ രേഖകൾ ഹാജരാക്കിയിട്ടും തങ്ങളെ നാടുകടത്തുകയാണെന്ന് ചൂണ്ടിക്കാട്ടി സ്ത്രീകൾ നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിനും അസം സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതി നോട്ടീസ് അയച്ചു. സർക്കാർ രേഖകളിലെ പേരുവിവരങ്ങളിലെ പൊരുത്തക്കേടുകളാണ് തങ്ങൾക്ക് വിനയായതെന്ന് അവരിൽ ചിലർ കോടതിയെ അറിയിച്ചിരുന്നു.

അസമിലെ ഫോറിനേഴ്സ് ട്രൈബ്യൂണലുകൾ പൗരത്വം അനുവദിക്കുന്നതിൽ പാലിച്ച മാനദണ്ഡങ്ങളെക്കുറിച്ചുള്ള വലിയൊരു ചോദ്യത്തിലേക്ക് ഈ വിധി വിരൽചൂണ്ടുന്നതെന്ന് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നു.

Tags:    
News Summary - Supreme Court Protects Individuals Declared Foreigners In Assam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.