ട്രെയിനിൽ പൂജ: വിഡിയോ വൈറലായതോടെ വിശദീകരണവുമായി റെയിൽവേ, സുരക്ഷയിൽ വിട്ടുവീഴ്ചയില്ല

ന്യൂഡൽഹി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനുള്ളിൽ പൂജാകർമങ്ങൾ നടത്തിയതിനെത്തുടർന്ന് സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി നോർത്തേൺ റെയിൽവേ രംഗത്ത്. സാധാരണ പാസഞ്ചർ കോച്ചിലല്ല, മറിച്ച് സ്വകാര്യമായി ബുക്ക് ചെയ്ത അത്യാഡംബര 'സലൂൺ കാറിലാണ്' ചടങ്ങുകൾ നടന്നതെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ട്രെയിനുള്ളിൽ ഇത്തരത്തിലുള്ള മതപരമായ ചടങ്ങുകൾ അനുവദനീയമാണോ എന്ന ചോദ്യം ഉയരുകയായിരുന്നു.

ട്രെയിൻ കോച്ചിനുള്ളിൽ തറയിലിരുന്ന് പുരോഹിതൻ പൂജ നടത്തുന്നതും, വെള്ള വസ്ത്രം ധരിച്ച ഒരുകൂട്ടം ആളുകൾ അതിൽ പങ്കുചേരുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാണോ ഇതെന്ന് പലരും സംശയം ഉന്നയിച്ചു. ഇതിന് പിന്നാലെയാണ് നോർത്തേൺ റെയിൽവേ ഔദ്യോഗിക വിശദീകരണവുമായി എത്തിയത്.

സാധാരണ യാത്രക്കാർ സഞ്ചരിക്കുന്ന കോച്ചുകളിൽ നിന്ന് വ്യത്യസ്തമായി, ഉയർന്ന ഉദ്യോഗസ്ഥർക്കും വി.ഐ.പികൾക്കും യാത്ര ചെയ്യാനായി സജ്ജമാക്കിയ അത്യാഡംബര ട്രെയിൻ കോച്ചുകളാണ് സലൂൺ കാറുകൾ. എയർകണ്ടീഷൻ ചെയ്ത കിടപ്പുമുറികൾ, ലിവിങ്-ഡൈനിങ് റൂമുകൾ, അടുക്കള, അറ്റാച്ച്ഡ് വാഷ്റൂമുകൾ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. ഐ.ആർ.സി.ടി.സി വഴി വാണിജ്യപരമായ ആവശ്യങ്ങൾക്കായി ഇത്തരത്തിൽ സലൂൺ കാറുകൾ സ്വകാര്യ വ്യക്തികൾക്ക് ബുക്ക് ചെയ്യാവുന്നതാണ്.

വിവാദമായ വിഡിയോക്ക് താഴെ നോർത്തേൺ റെയിൽവേയുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെയാണ് മറുപടി നൽകിയത്. ജൂലൈ 8ന് ഒരു സ്വകാര്യ സംഘം ഐ.ആർ.സി.ടി.സി വഴി സലൂൺ കാർ ബുക്ക് ചെയ്തിരുന്നതായി റെയിൽവേ അറിയിച്ചു. ഇതിനായി 3,08,580 രൂപ അഡ്വാൻസ് തുകയായി ഇവർ അടച്ചിട്ടുണ്ട്. പശ്ചിം എക്സ്പ്രസ് (ട്രെയിൻ നമ്പർ 12926) ട്രെയിനിൽ ന്യൂഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കാണ് ഈ കോച്ച് ഘടിപ്പിച്ചത്. ജൂലൈ 10നായിരുന്നു ഈ യാത്ര നടന്നത്.

സംഭവം ട്രെയിൻ യാത്രയുടെ സുരക്ഷയെ ഒട്ടും ബാധിച്ചിട്ടില്ലെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. ‘ട്രെയിൻ സർവീസുകളുടെ കൃത്യതയും യാത്രക്കാരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കുന്നതിനാണ് റെയിൽവേ എപ്പോഴും മുൻഗണന നൽകുന്നത്. സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല’ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.

കൂടാതെ, ചടങ്ങിനിടെ ആർക്കും പരിക്കേറ്റിട്ടില്ലെന്നും, പൂജ നടത്തിയത് ബുക്ക് ചെയ്ത സ്വകാര്യ സലൂൺ കാറിനുള്ളിൽ മാത്രമാണെന്നും റെയിൽവേ കൂട്ടിച്ചേർത്തു. സ്വകാര്യ ആവശ്യങ്ങൾക്കായി ബുക്ക് ചെയ്ത കോച്ചിൽ നടന്ന ചടങ്ങ് റെയിൽവേ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും, അതിനാൽ സുരക്ഷാ വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നും റെയിൽവേ വ്യക്തമാക്കി.

Tags:    
News Summary - Railways Clarifies After Train Puja Video Sparks Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.