പള്ളികളിൽ സ്ത്രീകൾക്ക് വിലക്കില്ല; എന്നാൽ കോടതി ഇടപെടരുത്: സുപ്രീം കോടതിയിൽ നിലപാടറിയിച്ച് മുസ്‌ലിം വ്യക്തിനിയമ ബോർഡ്

ന്യൂഡൽഹി : മുസ്‌ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നൽകുന്ന കാര്യത്തിൽ കോടതികൾ ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു. പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശന വിലക്കില്ലെന്നും എന്നാൽ പ്രവേശന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് അതത് പള്ളി കമ്മിറ്റികളാണെന്നും ബോർഡ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

മുസ്‌ലിം സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കുന്നതിനോ പ്രാർത്ഥന നടത്തുന്നതിനോ മതപരമായ തടസ്സങ്ങളില്ല. പള്ളികളിലേക്ക് സ്ത്രീകളെ സ്വാഗതം ചെയ്യുന്നുവെന്നും ബോർഡ് കോടതിയെ അറിയിച്ചു. എന്നാൽ പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കിക്കൊണ്ട് കോടതി വിധി പുറപ്പെടുവിക്കരുത്. വിശ്വാസപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ പള്ളി കമ്മിറ്റികൾക്ക് സ്വയംഭരണാധികാരമുണ്ടെന്നാണ് ബോർഡിന്റെ വാദം.

സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കുന്ന വിധി പുറപ്പെടുവിച്ചാൽ അത് അത് ഭരണഘടനയുടെ 26-ാം അനുച്ഛേദ പ്രകാരം ലഭിക്കുന്ന സംരക്ഷണങ്ങളെ അവഹേളിക്കുന്നതിനു തുല്യം ആയിരിക്കുമെന്നും ബോർഡ് വ്യക്തമാക്കി. സ്ത്രീപ്രവേശനം സംബന്ധിച്ച നിലപാട് എടുക്കാൻ ഭരണഘടനയുടെ 26 (ബി) (ഡി) പ്രകാരം പള്ളി കമ്മിറ്റികൾക്കാണ് അധികാരം. രാജ്യത്തെ എല്ലാ പള്ളികളിലും സ്ത്രീകൾക്ക് വിലക്കില്ലെന്നും മുസ്‌ലിം വ്യക്തി നിയമ ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെയാണ് ബോർഡ് നിലപാട് വ്യക്തമാക്കിയത്. ഏപ്രിൽ ഏഴിന് സുപ്രീം കോടതി ഈ വിഷയത്തിൽ കൂടുതൽ വാദം കേൾക്കും. ശബരിമല കേസിലെ വിശാലമായ ഭരണഘടനാ ചോദ്യങ്ങൾക്കൊപ്പം പള്ളികളിലെ സ്ത്രീ പ്രവേശന വിഷയവും കോടതിയുടെ പരിഗണനയ്ക്ക് വരും.

Tags:    
News Summary - No Ban on Women in Mosques but Courts Should Not Intervene: AIMPLB Tells Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.