ടി.പി. ചന്ദ്രശേഖരൻ
ന്യൂഡൽഹി: ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ജ്യോതിബാബുവിന് ജാമ്യം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. കൊലപാതകക്കേസായതിനാൽ കേസിന്റെ വിശദാംശങ്ങൾ പരിശോധിക്കാതെ ജാമ്യം നൽകാനാവില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് കരോളും എസ്.സി. ശര്‍മയുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. വൃക്ക രോഗിയായതിനാൽ ചികിത്സക്ക് ഇടക്കാല ജാമ്യമെങ്കിലും അനുവദിക്കണമെന്ന അഭിഭാഷകന്റെ വാദവും തള്ളിയ ബെഞ്ച് കേസ് രേഖകൾ ഹാജരാക്കാൻ നിർദേശം നൽകി.
സി.പി.എമ്മുകാരായ ടി.പി വധക്കേസ് പ്രതികളും സർക്കാറും തമ്മിൽ ഒത്തുകളിക്കുകയാണെന്ന് ടി.പിയുടെ ഭാര്യ കെ.കെ. രമ എം.എൽ.എക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ. ബസന്ത് ബോധിപ്പിച്ചു. സർക്കാറും പ്രതികളും തമ്മിലുള്ള ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് ജാമ്യ ഹരജിക്കെതിരെ രമ സമർപ്പിച്ച സത്യവാങ്മൂലത്തിലും ബോധിപ്പിച്ചിരുന്നു.
വധശിക്ഷയോ ജീവപര്യന്തം തടവോ പത്ത് വർഷത്തിലധികം തടവുശിക്ഷയോ ലഭിച്ചവരെ ജാമ്യത്തിൽ വിടും മുമ്പ് പബ്ലിക് പ്രോസിക്യൂട്ടറുടെ നിലപാട് അറിയിക്കണം. അതിനാൽ േജ്യാതി ബാബുവിന് ജാമ്യം അനുവദിക്കും മുമ്പ് ഇതിന് നിർദേശം നൽകണം. ആരോഗ്യപരമായ കാരണങ്ങൾ നിലനിൽക്കില്ല. കാരണം ജ്യോതി ബാബുവിന് പരിയാരം മെഡിക്കൽ കോളജിൽ മികച്ച ചികിത്സ ലഭിച്ചിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ സൗകര്യമില്ലെങ്കിൽ അക്കാര്യം സംസ്ഥാന സർക്കാറാണ് പറയേണ്ടതെന്നും രമ ചൂണ്ടിക്കാട്ടി.
ടി.പി വധത്തിലെ കുറ്റവാളികൾക്ക് സംസ്ഥാന സർക്കാർ ഇളവുകൾ വാരിക്കോരി നൽകിയെന്ന് സത്യവാങ്മൂലത്തിൽ കെ.കെ. രമ ബോധിപ്പിച്ചു. 12 വർഷത്തിനിടയിൽ കേസിൽ ശിക്ഷിക്കപ്പെട്ട മൂന്നുപേർക്ക് ആയിരം ദിവസത്തിലധികം പരോൾ അനുവദിച്ചു. ആറുപേർക്ക് 500 ദിവസത്തിലധികം പരോൾ നൽകി. കേസിലെ എട്ടാം പ്രതി കെ.സി. രാമചന്ദ്രൻ 1081 ദിവസവും ആറാം പ്രതി സിജിത്ത് 1078 ദിവസവും, രണ്ടാം പ്രതി മനോജ് 1068 ദിവസവും, നാലാം പ്രതി ടി.കെ. രജീഷ് 940 ദിവസവും ഏഴാം പ്രതി ഷിനോജ് 925 ദിവസവും പരോളിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.