ചെന്നൈ: തൃശൂര്‍ കാതിക്കുടത്തെ നിറ്റ ജലാറ്റിന്‍ കമ്പനിക്ക് 25 ഇന കര്‍ശന ഉപാധികളുമായി ഹരിത ട്രൈബ്യൂണലിന്‍െറ ദക്ഷിണേന്ത്യന്‍ ബെഞ്ച്. കമ്പനി പ്രവര്‍ത്തിക്കണമെങ്കില്‍ ഉപാധികള്‍ പാലിക്കണമെന്ന് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. കമ്പനി പ്രവര്‍ത്തനത്തിന് തടസ്സമില്ല. ഉപാധി ഘട്ടംഘട്ടമായി നടപ്പാക്കിയാല്‍ മതി. ചാലക്കുടിപ്പുഴ കുടിവെള്ള സ്രോതസ്സാണെന്ന കാര്യം കമ്പനി മറക്കരുതെന്ന് ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍, വിദഗ്ധ സമിതിയംഗം പി.എസ്. റാവു എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
നാട്ടുകാരായ ലോഹിദാസന്‍, വി.ആര്‍. ബാബു, ത്രേസ്യാമ്മ മാത്യു, കാതിക്കുടം നിറ്റ ജലാറ്റിന്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ജയിംസണ്‍ പാനികുളങ്ങര, സെക്രട്ടറി അനില്‍ കാതിക്കുടം എന്നിവര്‍ നല്‍കിയ ഹരജിയിലാണ് വിധി. കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പരിസ്ഥിതി പഠന സ്ഥാപനമായ നാഷനല്‍ എന്‍വയണ്‍മെന്‍റല്‍ എന്‍ജിനീയറിങ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവര്‍ നല്‍കിയ പഠന റിപ്പോര്‍ട്ട് വിധിക്ക് അടിസ്ഥാനമായി.
ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ പഠന റിപ്പോര്‍ട്ടില്‍ പറഞ്ഞ 25 ഇന ഉപാധികളില്‍ മിക്കതും ബെഞ്ച് അംഗീകരിച്ചിട്ടുണ്ട്. ദേശീയ ബോര്‍ഡിന്‍െറ പഠനറിപ്പോര്‍ട്ട് അംഗീകരിക്കണമെന്നായിരുന്നു ബെഞ്ചിന് മുമ്പാകെയുള്ള സമരസമിതിയുടെ പ്രധാന വാദം. മൂന്നുമാസം മുമ്പ് പറയേണ്ട വിധി നീണ്ടുപോകുകയായിരുന്നു. 200ഓളം പേജുള്ള വിധി രണ്ടുദിവസത്തിനകം ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ സൈറ്റില്‍ പ്രസിദ്ധീകരിക്കും. പത്ത് വര്‍ഷമായി കമ്പനിക്കെതിരെ നാട്ടുകാര്‍ നടത്തുന്ന പോരാട്ടത്തിന്‍െറ ഭാഗിക വിജയമാണ് ചെന്നൈയിലെ ദക്ഷിണേന്ത്യന്‍ ഹരിത ട്രൈബ്യൂണലിന്‍െറ വിധി.
പ്രധാന ഉപാധികള്‍
ചാലക്കുടിപ്പുഴയുടെ അടിത്തട്ടില്‍ കമ്പനി സ്ഥാപിച്ച മാലിന്യ പൈപ്പുകള്‍ ജലനിരപ്പിന് മുകളിലേക്ക് ഉയര്‍ത്തി സ്ഥാപിക്കണം. പുഴയില്‍നിന്ന് വെള്ളമെടുക്കുന്നതിനും പുഴയിലേക്ക് മാലിന്യം തള്ളുന്നതിനും കണക്കുവേണം. ഇത് രേഖപ്പെടുത്താന്‍ പൈപ്പുകളില്‍ ഫ്ളോ മീറ്ററുകള്‍ സ്ഥാപിക്കണം. ഖര-ദ്രവ മാലിന്യങ്ങളില്‍നിന്നുള്ള വസ്തുക്കളുടെ പുനരുപയോഗ സാധ്യതകള്‍ക്കായി കമ്പനി യന്ത്രസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. കമ്പനിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഒരുമാസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് ബെഞ്ചിന് മുമ്പാകെ വെക്കണം. തുടര്‍ന്ന് ബോര്‍ഡ്, ഓരോ മൂന്നുമാസത്തിലും പുരോഗതി റിപ്പോര്‍ട്ടും സമര്‍പ്പിക്കണം.
ഇതോടെ കമ്പനിയുടെ പ്രവര്‍ത്തനം ട്രൈബ്യൂണല്‍ ബെഞ്ചിന്‍െറ നേരിട്ടുള്ള നിരീക്ഷണത്തിലാകും. വിധി നടപ്പാക്കുന്നതിനുള്ള കമ്പനിയുടെ നടപടികള്‍ ബെഞ്ച് വിലയിരുത്തും. പാലക്കാട് കള്ളിയമ്പാറയിലെ സ്വകാര്യവ്യക്തിയുടെ വസ്തു വാടകക്കെടുത്ത് കമ്പനി തള്ളിയ വന്‍ മാലിന്യങ്ങള്‍ മൂന്നുമാസത്തിനകം നീക്കണം. കമ്പനിക്കുള്ളില്‍ കുഴിച്ചിട്ട മാലിന്യങ്ങള്‍ ആറുമാസത്തിനകം നീക്കണം. മലിനീകരണം സംബന്ധിച്ച കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ അളവുകോലുകള്‍ ഉടനടി ഭേദഗതി വരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.