പട്ന: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിഹാർ സർക്കാർ നടത്തിയ പ്രഖ്യാപനങ്ങളെല്ലാം താൻ മുമ്പ് നൽകിയ വാഗ്ദാനങ്ങളുടെ അനുകരണങ്ങളാണെന്നും തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് അവർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ഖജനാവിന് ഏഴു ലക്ഷം കോടി രൂപയുടെ ഭീമമായ നഷ്ടമുണ്ടാക്കുമെന്നും പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. വാഗ്ദാനങ്ങൾ നിറവേറ്റാൻ അവർക്ക് മതിയായ വരുമാനമില്ലെന്നും തേജസ്വി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ഭരണകക്ഷിയായ എൻ.ഡി.എയെ മറികടക്കാൻ പ്രതിപക്ഷത്തിന് ഒരു ബദൽ പദ്ധതിയുണ്ടെന്നും മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നുകഴിഞ്ഞാൽ തങ്ങളുടെ കാർഡുകൾ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ വാഗ്ദാനങ്ങൾ അനുകരിച്ചതിന് നിതീഷ് കുമാർ സർക്കാറിനെ ‘കോപ്പികാറ്റ്’ എന്നാണ് യാദവ് വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാർ സർക്കാറിന്റെ അഴിമതികളെക്കുറിച്ച് ആക്രമിക്കുന്നത് കേൾക്കാവുന്ന ഒരു പഴയ വിഡിയോ ക്ലിപ്പും അദ്ദേഹം പ്ലേ ചെയ്തു. ‘അവർ ഇപ്പോൾ സഖ്യകക്ഷികളാണ്. പക്ഷേ പ്രധാനമന്ത്രി അഴിമതിയെക്കുറിച്ച് വളരെയധികം സംസാരിക്കാൻ ഇഷ്ടപ്പെടുന്നു. മോദി തുറന്നുകാട്ടാൻ ശ്രമിച്ച അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ തന്നെ സർക്കാർ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും’ തേജസ്വി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.