ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും നൈജീരിയന്‍ സ്വദേശികള്‍ക്ക് നേരെ നടന്ന വംശീയാക്രമണങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭക്ക് ഉറപ്പുനൽകി. അക്രമങ്ങളെക്കുറിച്ച് സര്‍ക്കാര്‍ അടിയന്തരമായി അന്വേഷണം നടത്തണമെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ തന്നെ ആവശ്യപ്പെട്ടപ്പോഴാണ് മന്ത്രി ഉറപ്പു നല്‍കിയത്. ഇന്ത്യയില്‍ തങ്ങളുടെ വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ നൈജീരിയയിലെ ഇന്ത്യന്‍ അംബാസഡര്‍ നാഗഭൂഷണ റെഡ്ഡിയെ വിളിച്ച് നൈജീരിയ വിവരം ആരാഞ്ഞിരുന്നു. വിഷയത്തില്‍ കര്‍ശന നടപടിയെടുക്കണമെന്നും നൈജീരിയ ആവശ്യപ്പെട്ടു.
ശൂന്യവേളയിൽ പ്രതിപക്ഷ ബഹളത്തില്‍ സഭ പിരിഞ്ഞു വീണ്ടും ചേര്‍ന്നപ്പോൾ ജെ.ഡി.യു നേതാവ് ശരദ് യാദവാണ് വിഷയം ഉന്നയിച്ചത്.
അമേരിക്കയില്‍ ഉൾപ്പെടെ വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്കു നേരെയുണ്ടാകുന്ന വംശീയ ആക്രമണങ്ങളില്‍ കടുത്ത ആശങ്കയും അതൃപ്തിയും ഉയരുന്നതിനിടയിലാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരെ ഇന്ത്യയിൽ വംശീയ ആക്രമണങ്ങള്‍ ഉണ്ടാകുന്നതെന്ന് യാദവ് പറഞ്ഞു. ഇത് ലജ്ജാകരമാണെന്നും ഇത്തരം സംഭവങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ അന്തസ്സിടിക്കുമെന്നും ശരദ് യാദവ് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിലെ ആനന്ദ് ശര്‍മയും സി.പി.എം നേതാവ് സീതാറാം യെച്ചൂരിയും വിഷയത്തെ പിന്തുണച്ചു.
തുടർന്ന് അമേരിക്കയിലും ആസ്‌ട്രേലിയയിലും ഇന്ത്യക്കാര്‍ക്കു നേരെ വംശീയ ആക്രമണങ്ങള്‍ ഉണ്ടായ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയ പി.ജെ. കുര്യൻ ഇത്തരം സംഭവങ്ങള്‍ നമ്മുടെ രാജ്യത്തും നടക്കുന്നത് തടയാൻ അടിയന്തര നടപടിയെടുക്കണമെന്ന് ചെയറെന്ന നിലയിൽ സർക്കാറിനോട് ആവശ്യപ്പെട്ടു. ഈ സമയം രാജ്യസഭയിലേക്ക് കടന്നുവന്ന സുഷമ സ്വരാജ് വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ തയാറാണെന്ന് അറിയിച്ചു. രാജ്യസഭയില്‍ ഈ വിഷയത്തെക്കുറിച്ചു ചര്‍ച്ച നടക്കുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ വിശദീകരണം നല്‍കാനാണ് താന്‍ വേഗംതന്നെ എത്തിയതെന്നും മന്ത്രി പറഞ്ഞു. നൈജീരിയന്‍ സ്വദേശികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തും.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ആക്രമണത്തെക്കുറിച്ച് അറിഞ്ഞ നിമിഷം തന്നെ ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും വിവരങ്ങള്‍ ആരാഞ്ഞു. നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.